2009 ഫെബ്രുവരി 14, ശനിയാഴ്‌ച

ഒറ്റപ്പെട്ട ആകുലതകൾ

കാന്‍സര്‍ ബാധിച്ചു, ഏകദേശം അവസാന നാളുകള്‍ തിട്ടപെടുത്തിയ ഒരു ബന്ധുവിനെ സന്ദര്‍ശിക്കുന്നതിന്നു ഈയിടെ പോകുകയുണ്ടായി. അദ്ദേഹത്തിന്റെ കിടപ്പിനേക്കാള്‍ മനസ്സില്‍ തട്ടിയതു അവിടെ വീട്ടിലെ അന്തരീക്ഷമാണു്. സ്വാഭാവികമായും, മൂടി കെട്ടിയ അന്തരീക്ഷം തന്നെ. എന്നിരുന്നാലും, രോഗിയുടെ അത്ര തന്നെ സഹതാപം അര്‍ഹിക്കുന്നുണ്ട് ഏറ്റവും അടുത്ത ബന്ധുക്കളും…..രോഗം ഏതൊരുത്തനെയും ഭയാകുലനാക്കും എന്നത് തര്‍ക്കമറ്റതാണു… രോഗിയുടെ ആ ഭയം, പലപ്പോളും, തന്റെ ഏറ്റവും അടുത്ത ആള്‍ക്കാരില്‍ ക്രോധമായും, നിസ്സഹകരണമായും ഒക്കെ ബാധിക്കാം. അന്നേരം, ആ സാഹചര്യവുമായി പൊരുത്തപെടുന്നതിന്നായി പരിചരിക്കുന്നവര്‍ക്കു കൂടി, അല്പം സാന്ത്വനവും, ഉപദേശങളും ആവശ്യമാണ് എന്നു തോന്നുന്നു.

തന്റെ ഏറ്റവും പ്രിയപെട്ടവന്‍, ദീര്‍ഘമായ ദാമ്പത്യ കാലം തന്നെ അത്രയേറെ കരുതലോടും, സ്നേഹത്തോടും സംരക്ഷിച്ചവന്‍, ഇന്നു തികച്ചും വ്യത്യസ്ഥമായ ഒരാളെ പോലെ പെരുമാറുമ്പോൾ അനുഭവിക്കുന്ന വ്യഥ മനസ്സിലാക്കാവുന്നതെ ഉള്ളു. “ഇങ്ങിനെ കിടക്കാതെ നല്ല പോലെ ഇരിക്കുംമ്പഴ് പോയാല്‍ മതി ഭഗവാനെ“ എന്ന അവരുടെ രോദനം ഉള്ളലിയിക്കുന്നതായിരുന്നു.
അസുഖം ബാധിക്കുന്നതു ആരുടേയും തെറ്റുകൊണ്ടല്ല. അതിനെ നേരിടാന്‍ രോഗിയേയും, ബന്ധുക്കളേയും തെയ്യാറെടുപ്പിക്കുകയാണു് ആവശ്യം.അതിന്നായി എല്ലാ സാമൂഹിക തലത്തിലും, ബോധവല്‍കരണം ആവശ്യമാണ്….ഓരോ പഞ്ചായത്തിലും / മുനിസിപ്പാലിറ്റിയിലും അതാതു ഭാഗത്തുള്ള ആളുകളുടെ ഒരു കൂട്ടായ്മക്ക് ഇതിന് ഒരു പരിഹാരമുണ്ടാക്കാനാവില്ലേ?