2013 മാർച്ച് 21, വ്യാഴാഴ്‌ച

ഡി. ആര്‍. ഷെര്‍മാന്റെ " കടലിലെ സഹോദരങ്ങള്‍ " എന്ന കഥയില്‍ നിന്നും.


അനാദി കാലം മുതല്‍ക്കു തന്നെ ഡോല്‍ഫിന്‍ അഥവാ കടല്‍ പന്നി എന്ന ജലജീവിയെ മനുഷ്യന്റെ  ഉത്തമ സുഹൃത്തായിട്ടാണു  കടലിന്റെ മക്കള്‍ കരുതി വന്നിരിക്കുന്നതു.  അതു മാത്രമല്ലാ,  ലോകത്തിലെ പല കോണുകളില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും   വെള്ളത്തില്‍ മരണത്തിലകപ്പെട്ടു പോകുമായിരുന്ന മനുഷ്യനെ ഇത്തരം കടല്‍ ജീവികള്‍ രക്ഷിച്ച ചരിതങ്ങള്‍, കടലുമായി ബന്ധപ്പെട്ടവര്‍  സത്യത്തെ ആണയിട്ടു കൊണ്ടു തന്നെ പറയുമാറുണ്ടായിരുന്നു.  ഈ കഥ, കിഴക്കന്‍ ആഫ്രിക്കയുടെ തീരപ്രദേശത്തുള്ള അതിമനോഹരമായ ഒരു   ദ്വീപു സമൂഹത്തെ  ആസ്പദിച്ചാണു എഴുതപ്പെട്ടിരിക്കുന്നതു. പോള്‍ എന്ന ഒരു മുടന്തനായ കുട്ടിയുടേയും, അവന്റെ വളര്‍ത്തഛ്ഛന്റേയും,....പിന്നെ ഡോള്‍ഫിന്റേയും കഥ. മനുഷ്യ മനസ്സിന്റേയും, കെട്ടു പിണഞ വികാരങ്ങളുടേയും....സ്വാര്‍ഥതയുടേയും, ത്യാഗത്തിന്റേയും കഥ. എല്ലാറ്റിന്നുമുപരി ഒരു അനാഥനായ ആണ്‍ കുട്ടിയുടേയും, അവന്റെ ജീവിതത്തിലേക്കു, മനസ്സിലേക്കു, സ്നേഹത്തിന്റെ കുളിര്‍മ്മയുമായി വന്ന ഒരു കടല്‍ ജീവിയുടെയും  കഥ.
ഡി. ആര്‍. ഷെര്‍മാന്റെ " കടലിലെ സഹോദരങ്ങള്‍ " എന്ന കഥയില്‍ നിന്നും.......

സിമന്റു തറയിലെ പടികള്‍ക്കു മുകളില്‍ കാലു നീട്ടി വെച്ചു കൊണ്ടു റോജര്‍ അങ്ങകലെ സൂര്യപ്രകാശമേറ്റു വെട്ടി തിളങ്ങുന്ന കടലിനെ ഉറ്റു നോക്കി ക്കൊണ്ടിരുന്നു. ജനനം മുതല്‍ എന്നും കാണുന്ന കാഴ്ച്ചയാണെങ്കില്‍ പോലും, ഈ കടലിന്നു എന്തൊരു ഭംഗി എന്നോര്‍മ്മിക്കാത്ത ഒരു ദിവസവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലല്ല്ല്ലോ എന്നും  സന്തുഷ്ടിയോടെ അയാള്‍ ഓര്‍ത്തു. വീട്ടില്‍ നിന്നും ഇറങി അങു കടലിന്റെ അടുത്തേക്കു എത്തുന്ന ചരിഞു കിടക്കുന്ന വഴിയില്‍ വൃക്ഷങ്ങളുടെ കടും നിറമാര്‍ന്ന പച്ചപ്പിന്നിടയിലൂടേ പ്രകാശിക്കുന്ന സൂര്യപ്രകാശമേല്‍മ്പോള്‍  താഴെ മണ്ണു പലതരം നിറവ്യത്യാസങ്ങളോടെ  പുഷ്പങ്ങള്‍ വാരിവിതറിയ ഒരു പരവതാനി പോലെ കാണാം.  മരചില്ലകളും, സൂര്യ പ്രകാശവും, രചിക്കുന്ന വിവിധങ്ങളായ മനോഹര രചനകള്‍ ഇവിടെ ഇരുന്നു കാണാം. എല്ലാം വര്‍ണ്ണനാനുഭൂതികള്‍ക്കും അപ്പുറം.  അങ്ങകലെ ഒരു 25 കി.മീറ്ററെങ്കിലും ദൂരെ ആയി പ്രാസ്ലിന്‍ എന്ന ദ്വിപിന്റെ ഒരു ഭാഗം കാണാം.  ഇത്ര അകലെ ആയിട്ടുപോലും, തിരമാലകളുടെ ഇരമ്പലില്‍, കടലിന്നടിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ചാകരയുടെ ആരംഭം എല്ലാം റോജരിന്നു തിരിച്ചറിയാം. അതെ, ഈ കടല്‍ തന്റെ ജീവിതമാണു...അയാള്‍ ഒരല്പം അഭിമാനത്തോടെ തന്നെ ഉരുവിട്ടു. പടികള്‍ക്കു മേലെ നീട്ടി വെച്ച കാല്‍മുട്ടു തൊട്ടു തുട വരെ പ്ലാസ്റ്റര്‍ കൊണ്ടു പൊതിഞ  കാലു കാണുമ്പോള്‍ മാത്രം, ഞാനെന്തൊരു വിഢി എന്നു  അസഹ്യതയോടെ മനസ്സില്‍ പിറുപിറുത്തു. ഒരല്പം അശ്രദ്ധയാണു ഇതിന്നു കാരണം.എന്നും കടലില്‍ പോയി വന്നു, ക്ഷീണം തീര്‍ക്കാനെന്ന വ്യാജേന അടുത്തുള്ള കള്ളു ഷാപ്പില്‍ പോയി മിനുങുന്നു പതിവാനു ഇതിന്നും കാരണം. അന്നു ഒരല്പം കൂടി പോയോ എന്നു സംശയം...  തന്റെ മകന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോളേക്കും ഞാന്‍ പട്ടിണി കൊണ്ടു മരിച്ചു പോയേനേ ! ' നിന്റെ മകനോ?" ഉള്ളില്‍ നിന്നല്ലേ ഈ കുസൃതി  ചോദ്യം?  അതെ, ഇന്നവന്‍ തന്റെ മകന്‍ തന്നെയാണു..  15 വര്‍ഷം മുന്‍പത്തെ ഒരു  രാത്രി റോജരുടെ മനസ്സിലേക്കു കടന്നുവന്നു. അന്നു മഴയുടെ ഇരമ്പലിന്നുമേലെ ഇടിയുടെ താണ്ഡവം കേള്‍ക്കാം. അന്തരീക്ഷത്തില്‍ വീശുന്ന വാളുകള്‍ പോലെ മിന്നല്‍ പിണറുകള്‍ .. കാറ്റില്‍ ആടി കളിക്കുന്ന ചില്ലതലപ്പുകള്‍. എല്ലാറ്റിന്നും മേമ്പൊടി ആയി കടലിന്റെ ഇരമ്പല്‍....  എന്തോ ഒരു അപരിചിത ശബ്ദം കേട്ടു വാതില്‍ തുറന്നപ്പോള്‍ നടകല്ലുകള്‍ക്കു മേലെ ഒരു വെളുത്ത ഭാണ്ഡം കണ്ടു.  മാത്രമല്ല, അവിടെ എങും ഒരു നേര്‍ത്ത സുഗന്ധം പ്രസരിപ്പിക്കുന്നു..  ഒരു നിമിഷത്തേക്കു അയ്യാളൊന്നു അറച്ചു നിന്നു. സൂര്യന്‍ ഉദിക്കുവാന്‍ ഇനിയും താമസമുണ്ടു. കടലിന്റെ രൗദ്രമായ ഇരമ്പല്‍  ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കാം.  എന്തായിരിക്കും ആ വെളുത്ത ഭാണ്ഡത്തില്‍, ശങ്കിച്ചു നിന്ന റോജരുടെ ശ്രദ്ധ അടുത്തു നിന്നും കേട്ട ഒരു കാട്ടുപൂച്ചയുടെ മുരളിച്ചയില്‍  പെട്ടെന്നു തന്നെ  ശങ്കക്കതീതമായി. വേഗം തന്നെ വാതില്‍ തുറന്നു ഇറങി ചെന്നു, ഇപ്പോള്‍ അല്പാല്പമായി ഇളകുന്ന ആ ഭാണ്ഡം സംശയത്തോടെ കൈയ്യില്‍ എടുത്തു നോക്കിയപ്പോള്‍ ഒരു കുഞു. ജനിച്ചിട്ടധികം ദിവസങ്ങളായിട്ടില്ലാ എന്നു മനസ്സിലാകും. പക്ഷെ  നീലകണ്ണുകള്‍  മിഴിച്ചു പിടിച്ചിരിക്കുന്നു...ചുരുട്ടിപിടിച്ച  2 കുഞു മുഷ്ടികള്‍...കാലുകള്‍...അയ്യോ, ആ കുഞൊരു മുടന്തനാണു. ഒരു കാലിന്റെ പാദം പുറകോട്ടു മടങിയിരിക്കുന്നു. ഒരിക്കലും ഓടാനോ, ചാടാനോ, മറ്റു കുട്ടികളെ കണക്കു കളിക്കുവാനോ കഴിയില്ലാ എന്നറിഞതിനാലാണൊ ഈ കുഞിനെ അതിന്റെ അമ്മ ഉപേക്ഷിച്ചതു! അതോ ഇവിടങ്ങളിലെ വിശ്വാസം പോലെ, ഇതൊരു ചെകുത്തന്റെ സന്തതിയാണു എന്ന അന്ധവിശ്വാസമോ? എന്തായിരിക്കും ആ അമ്മയെ ഇങിനൊരു ക്രൂരതക്കു പ്രേരിപ്പിച്ചതു, അയാള്‍ ഓര്‍ത്തു. പക്ഷെ, എന്തിന്നു എന്റെ വാതില്‍ക്കല്‍? ചെറുപ്പത്തില്‍ തന്നെ അനാഥനായ റോജര്‍ക്കു ഈ കൊച്ചു കുഞിനെ എങിനെ വളര്‍ത്താന്‍ കഴിയും, ആരിവന്നു പാല്‍ കൊടുക്കും.....താന്‍ കടലില്‍ പോകുമ്പോള്‍ ഇവനെ ആരു സംരക്ഷിക്കും?? ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങള്‍    അയാളുടെ മനസ്സിലൂടെ കടന്നു പോയി.പകച്ചു നില്‍ക്കുന്ന റോജരെ നോക്കിയാണോ ആ പിഞ്ചു കുഞിന്റെ ഇളം ചുണ്ടുകളില്‍ ഒരു നേര്‍ത്ത ചിരി ഉദിച്ചതു?  അനാഥനായ റോജര്‍ക്കു, ആ പിഞ്ചു കുഞിനെ വാരി നെഞ്ചത്തോടടുപ്പിച്ചപ്പോള്‍ അനുഭവപ്പെട്ട നിര്‍വൃതി, ആ കുഞു ശരീരത്തിന്റെ  ഇളം ചൂടു എല്ലാം ഒരു നവ്യാനുഭൂതിയായി. ഇല്ലാ, ഞാനിവനെ ആര്‍ക്കും നല്കില്ലാ, ഇവനെ ഞാന്‍ തന്നെ വളര്‍ത്തും...ആ ഒരു ശപഥത്തില്‍ 15 വര്‍ഷം നീങിയതറിഞില്ലാ.  ആ കടലോര ഗ്രാമത്തില്‍ തന്നെ ഉള്ള ഏതാണ്ടു ഇതെ പ്രായമുള്ള കുഞുങളുടെ അമ്മമാര്‍ അവന്നു മല്‍സരിച്ചു മുലപ്പാല്‍ കൊടുത്തു, രാത്രികളില്‍ റോജരുടെ നെഞ്ചിന്റെ ചൂടേറ്റും, മറ്റു കുട്ടികളുടേയും, കടലോരതുള്ള നായ, പൂച്ച, മുതലായ മൃഗങ്ങളുടേയും ഏന്തി നടന്നു, നടപ്പു പഠിച്ചും  കൂടെ കുഞു പോളും വളര്‍ന്നു.  പോള്‍ അതാണു ആ കുഞിനെ എല്ലാവരും വിളിച്ചതു. ഒരു കാല്‍ ഏന്തി വലിച്ചു കൊണ്ടു ആ കുഞു എല്ലായിടത്തും എത്തി....പയ്യെപയ്യെ, റോജറിന്റെ തോണിയില്‍ കൂടി അവനെ കാണാറായി....റോജറിന്റെ ദിവസങ്ങള്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും, പോളിനെ ചുറ്റിപറ്റി മാത്രമായി.  എല്ലാ വര്‍ഷവും, ഫിബ്രവരി മാസത്തില്‍ നടകല്ലില്‍ പ്രത്യക്ഷപ്പെടാറുള്ള സുഗന്ധം പരത്തുന്ന ഒരു കവറും, അതിലെ ചെറിയ സംഖ്യയും മാത്രമാണു, തന്നെ കൂടാതെ പോളിനെ ഓര്‍ക്കുന്ന മറ്റൊരു വ്യക്തി കൂടി ഉണ്ടെന്നുള്ള സത്യം റോജറിനെ ഓര്‍മ്മിപ്പിച്ചുള്ളു.

അങകലെ നിന്നും ഇപ്പോള്‍ പോളിന്റെ ചൂളം വിളി കേള്‍ക്കാം.  തന്റെ ചട്ടുകാല്‍ ഉരച്ചുകൊണ്ടാണു അവന്‍  ആ ചെറിയ കയറ്റം കയറി വരുന്നതു.അവന്‍ കയറ്റം കയറി വരുന്നതും ശ്രദ്ധിച്ചിരിക്കലാണു ഇപ്പോള്‍ റോജരുടെ സന്തോഷം.ഈ ഒരു കുട്ടിയാണു ഇന്നെനിക്കു അന്നം തരുന്നതു....ഒരേ സമയം, ഒരല്പം അപകര്‍ഷതയും, അഭിമാനവും, റോജറില്‍ നിറഞു. ഭക്ഷണം എന്തെങ്കിലും കഴിച്ചു വിശപ്പടക്കാം, എന്നാല്‍ നിത്യ ശീലമായിപോയ ഒരല്പം പുകയില കിട്ടിയില്ലെങ്കില്‍ റോജര്‍ ആകെ അസ്വസ്ഥനാകും.  പോരാതെ, 3 മാസമായി ഈ കൂരയുടെ വാടക കൊടുത്തിട്ടും. ഇന്നലേയും ആ ദ്രോഹി വന്നിരുന്നു.വാടക ശരിക്കു തരുന്നില്ലെങ്കില്‍ മുതലാളി വേറെ വാടകക്കാരനെ തിരക്കും...ഒരു താക്കീതെന്ന നിലക്കാണു അയാള്‍ അതു പറഞതു., ഈ കാലിലെ കെട്ടു ഒന്നഴിക്കാതെ എങിനെ ആണു പണം ലഭിക്കുക? റോജര്‍ മുരണ്ടു. ഇന്നയാള്‍ ആകെ പരിഭ്രാന്തനാണു. ചട്ടു കാല്‍ അല്പാല്പം നിലത്തുകൂടെ ഉരച്ചുകൊണ്ടു പോള്‍ കയറ്റം കയറി എത്തി. കാലിന്റെ മുടന്തു മാത്രമാണു അവന്റെ അഭംഗി. നല്ല സുന്ദരമായ മുഖം. ഇന്നു അവന്റെ കയ്യില്‍ ഒരു മുളം കുഴലുണ്ടു, ഒരു പടല പഴവും. അഛാ നോക്കു, ഞാനെന്താണു ഇന്നു കൊണ്ടു വന്നിട്ടുള്ളതെന്നു...പോള്‍ വിളിച്ചു പറഞു കൊണ്ടാണു വരുന്നതു. തനിക്കേറ്റം ഇഷ്ടമുള്ള പുകയിലയായിരിക്കും!!! അവന്‍ ചിലപ്പോള്‍  അതു ഒളിപ്പിച്ചു കൈയ്യില്‍ വെച്ചു , തന്നെ കളിപ്പിക്കുന്നതാണു എന്ന ധാരണയില്‍ റോജര്‍ ചോദിച്ചു പുകയിലയല്ലേ? ഒരു നിമിഷാര്‍ദ്ധത്തേക്കു പോളിന്റെ മുഖം വാടി. പിന്നെ പറഞു. അതു ഞാന്‍ പിന്നെ കൊണ്ടു തരാം. ഇതു നോക്കു നല്ല തെങിന്‍ കള്ളു. അവന്റെ കൈയ്യിലുള്ള ആ കുഴല്‍ നിറച്ചും, നല്ല മൂക്കാത്ത അമ്രൂതു സമാനമായ രസം ഉണ്ടു. ആരോ തെങിന്റെ മണ്ടയില്‍ കെട്ടി വെച്ചതു  ഇവന്‍ ആരും കാണാതെ എടുത്തതാണു. . മോനെ, ഇപ്പോള്‍ ഇതു നിന്നെ പോലെയുള്ള കുട്ടികള്‍ക്കു കുടിക്കുവാനാണു നല്ലതു. ഇതു ഒരല്പ ദിവസം, ഒരു 3 ദിവസം കൂടി കിടന്നു പഴകട്ടെ ....ശേഷം ഞാന്‍ കുടിച്ചോളാം.  അയ്യാള്‍ ആ മുളംകുഴല്‍ മകന്റെ നേരെ നീട്ടി.. കുഴലിലെ നല്ല മാധുര്യമാര്‍ന്ന രസം കുടിക്കുമ്പോള്‍ പോളിന്നു ഒരു നേരിയ കുറ്റബോധം തോന്നി. അപ്പന്നു ഒരല്പം പുകയില കൂടി കൊണ്ടുവരാമായിരുന്നു. ഓര്‍മ വെച്ചതു മുതല്‍ താന്‍ കാണുന്നതാണു അപ്പന്റെ ഈ പുകയിലയോടുള്ള ആര്‍ത്തി. എനി താഴേക്കു പോകുമ്പോള്‍ കിട്ടുമോ എന്നു നോക്കാം.അവനോര്‍ത്തു. അപ്പനെ പോലെ, ആടി ഉലയുന്ന തോണിയില്‍ ഈ മുടന്തു കാല്‍ വെച്ചു  വീഴാതെ നില്‍ക്കുവാന്‍ അവന്നു കഴിയില്ലാ. അതിനാല്‍ തന്നെ അധികം തിരയില്ലാത്ത ഭാഗത്തു നിന്നും കിട്ടുന്ന ചെറു മീനുകള്‍ മാത്രമാണു  ലഭിക്കുന്നതു., കൂടാതെ ആരും ശ്രദ്ധിക്കാത്തപ്പോള്‍, ഒരല്പം മോഷണം...അങിനെയൊക്കെയാണു ഈ കഴിഞ 3 മാസവും അവര്‍ പിന്നിട്ടതു.  അപ്പന്നുള്ള കള്ളു മുളം കുഴലില്‍ തന്നെ ഉള്ളതു ഒരു ഉറിയില്‍ കെട്ടി തൂക്കി, കൊണ്ടുവന്ന ആ പടല പഴം രണ്ടു പേരും കൂടി ഭക്ഷിച്ചു. ഭക്ഷണം കഴിഞു, കടല്‍ തനിക്കായി എന്താണു എനി കരുതിയിരിക്കുന്നതു എന്നു നോക്കുവാന്‍ അവന്‍ വീണ്ടും ഇറങി പുറപ്പെട്ടു. ഇത്തവണ അവന്റെ കയ്യില്‍ ഒരു ചാട്ടുളിയും, കടലിലേക്കു മുങാംകൂഴി ഇടുമ്പോള്‍ ധരിക്കുന്ന ഒരു മുഖംമൂടിയും  കൂടി ഉണ്ടായിരുന്നു. കടലിലെ അധികം തിരയിളക്കം ഇല്ലാത്ത സ്ഥലങ്ങളില്‍ മുങി, മീനുകളെ ചാട്ടുളി കൊണ്ടു കൊല്ലുകയാണു അവന്റെ ശൈലി. പാദത്തില്‍ ധരിക്കുന്ന ഒരുതരം വല പോലുള്ള വെബ് കൂടി തനിക്കു ഉണ്ടായിരുന്നെങ്കില്‍ വെള്ളത്തിലെ ചലനം കൂടുതല്‍ സുഗമമാകുമായിരുന്നു. അവന്‍ കരുതി.
വീട്ടില്‍ നിന്നും ഇറങി കടലോരത്തേക്കു അടുക്കുമ്പോള്‍ തന്നെ ആ പെണ്‍കുട്ടിയെ അവന്‍ വീണ്ടും കണ്ടു. കടല്‍കരയിലെ  ബങ്കളാവിലെ കൊച്ചു.....അവളെ അവന്‍ മുന്‍പും ശ്രദ്ധിച്ചിട്ടുണ്ടെ ങ്കിലും ഇന്നു അവളുടെ നില്‍പ്പില്‍, ഭാവത്തില്‍ ഒക്കെ ഉള്ള ഒരു പ്രത്യേക വശ്യത അവനെ ആകര്‍ഷിച്ചു.
" എന്റെ കൂടെ തോണിയില്‍ വരുന്നോ നമുക്കു വെള്ളത്തില്‍ ഊളിയിട്ടു മല്‍സ്യത്തെ ചാട്ടുളി കൊണ്ടു പിടിക്കാം" അവന്‍ ക്ഷണിച്ചു.
ആ പെണ്‍കുട്ടിക്കു ഒരു  12-13 വയസ്സെ പ്രായം കാണു. യൗവനാരംഭത്തിന്റെ പാദമുദ്രകള്‍ അവളില്‍ തിരനോട്ടം നോക്കി തുടങിയിട്ടുണ്ടു. സുന്ദരമായ ശരീരം, തലമുടി, കണ്ണൂകള്‍...എന്നാല്‍ ഭാവത്തില്‍ താന്‍ അപ്രാപ്യയാണെന്നു എല്ലാവരേയും അറിയിക്കാനെന്ന വിധത്തിലുള്ള ധാര്‍ഷ്ട്യത അവളില്‍ മുന്നിട്ടു നിന്നു. ഒരുതരം പുഛം നോട്ടത്തിലും, ഭാവത്തിലും, ഇപ്പോള്‍ സംഭാഷണത്തിലും പ്രകടമാണു. " ഹും നിന്നെ പോലുള്ള ഒരു മുടന്തന്‍ പീക്കിരി പയ്യന്റെ കൂടെ ആ ഇത്തിരിപോന്ന തോണിയില്‍ വരാനോ...അയ്യേ...."
പോളിന്റെ മുഖമാകെ രക്തം ഇരച്ചുകയറി പൊള്ളുന്നതുപോലെ തോന്നി. അവളുടെ നിഷേധത്തിനേക്കാള്‍, മുടന്തന്‍ എന്ന വാക്കാണു അവന്റെ മനസ്സില്‍ ചാട്ടുളി കണക്കെ മുറിവേല്പിച്ചതു. കൊച്ചുകുഞായി ഈ കടപ്പുറത്തു ഓടിനടന്ന നാളു മുതല്‍ക്കു , മറ്റു കുട്ടികളും, ചിലപ്പോള്‍ മുതിര്‍ന്നവര്‍ പോലും സംബോധന ചെയ്യുന്ന ആ പദം..." മുടന്തന്‍ ചെക്കന്‍.. അവന്നു ആ പദം കേള്‍ക്കുന്നതു  തന്നെ ഭയങ്കര അരോചകമായ ഒരു വികാരമാണു. ഒന്നും തുടര്‍ന്നു സംസാരിക്കുവാന്‍ മെനക്കെടാതെ അവന്‍ വേഗം തന്നെ, കടലിന്നടുത്തേക്കു നീങി.  മനസ്സില്‍ തോന്നിയ വിക്ഷുബ്ദി കാരണം കാലുരച്ചു വലിച്ചു വെച്ചു കൊണ്ടു...ഉള്ളതില്‍ കൂടുതല്‍ മുടന്തുള്ളപോലെ അവന്‍ നടന്നു.
അവന്റെ തോണിയും ചെറുതാണു. പലപ്പോളും, അവന്‍ റോജരിനോടൊന്നിച്ചു അതില്‍ കടലിലേക്കു നീങിയിട്ടുണ്ടു. റോജര്‍ വിദഗ്ദ്ധമായി പങ്കായം കൊണ്ടു തുഴ'ഞു ദിശയും, വേഗവും ഒക്കെ നിയന്ത്രിച്ചു കടലിന്റെ കുറേ കൂടി ഉള്‍ ഭാഗത്തേക്കു കൊണ്ടുപോകാറുമുണ്ടു. പക്ഷെ, പോളിന്നു അതു കഴിയില്ലാ. അവന്‍ കടലില്‍ തന്നെ കുറച്ചു മാറി മുനമ്പു പോലെ കടലിലേക്കു ഉന്തിനില്ക്കുന്ന പാറയിടുക്കിന്റെ അരികിലേക്കായി തോണി തുഴഞു. ഇപ്പോഴും ആ വാക്കു  മുടന്തന്‍--മുടന്തന്‍ എന്നതു അവന്റെ ചെവിയില്‍ അലയടിക്കുംപോലെ. അങകലെ ചക്രവാളത്തിനോടെന്ന പോലെ, നിറയുന്ന കണ്ണുകള്‍ ഉയര്‍ത്തി രൂക്ഷമായി അവന്‍ അലറി... അതെ ഞാനൊരു മുടന്തന്‍., പീക്കിരി പയ്യന്‍.....

പതുക്കെ പതുക്കെ അവന്റെ മനസ്സിലെ വിക്ഷോഭം അടങി തുടങി.....ചുറ്റുമുള്ള നിശ്ശബ്ദത, ഒരു താരാട്ടു പോലെ, കടലിലെ ഓളങ്ങള്‍ ചെറുതായി തോണിയില്‍ വന്നടിക്കുമ്പോള്‍ ഉളവാകുന്ന ആട്ടം, കാറ്റിന്റെ തലോടല്‍ എല്ലാം കൊച്ചു പോളിന്റെ മനസ്സിനെ നേരത്തെ അനുഭവപ്പെട്ട വിഷമത്തില്‍നിന്നും വിമുക്തമാക്കി കൊണ്ടു വരികയാണു.  ഇപ്പോള്‍ അവന്റെ ശ്രദ്ധ മുഴുവന്‍ ഒരു നിഴല്‍ പോലെ വെള്ളത്തിന്നടിയിലൂടെ നീങുന്ന മീനുകളിലാണു. ചിലപ്പോളെല്ലാം ഈ കടല്‍ തീരത്തും, വലിയ ഇനം നരിസ്രാവുകളെ കാണാറുണ്ടു എന്നു റോജര്‍ പറഞതു അവന്‍ ഓര്‍ത്തു. ആ വമ്പന്‍ മല്‍സ്യത്തിന്നു ഇപ്പോള്‍ തന്റെ തോണിയുടെ അടിയിലൂടെ ഒന്നു നീങിയാല്‍ മതി...പിന്നെ ഈ കൊച്ചുതോണിയും താനും കടലില്‍. എന്തായാലും മല്‍സ്യത്തിന്നു  പക്ഷെ മുടന്തുള്ളവനെ ഭക്ഷിക്കുവാന്‍ അറപ്പൊന്നുമുണ്ടാകില്ലാ. അവന്‍ സ്വയം പിറുപിറുത്തു.  തോണി ആ മുനമ്പിന്റെ അരികിലെത്താറായി. ഇവിടെ വെള്ളത്തിന്നു നീലകലര്‍ന്ന പച്ച നിറമാണു.  കഠിനമായ ഓളങ്ങളുമില്ലാ. സാവകാശത്തില്‍ കാലുറപ്പിച്ചുനിന്നുകൊണ്ടു അവന്‍ ചാട്ടുളി അരയിലെ കെട്ടില്‍ തിരുകി. മുഖംമൂടി വലിച്ചണിഞുകൊണ്ടും, ഒരു നീണ്ട ശ്വാസം ഉള്ളിലേക്കു വലിച്ചുകയറ്റി കൊണ്ടും അവന്‍ കടലിലേക്കു ഊളിയിട്ടു.
കുറച്ചാഴത്തിലേക്കു ഇറങിയപ്പോള്‍ തന്നെ കണ്ണിന്നിമ്പമുള്ള നിറങ്ങളില്‍ പവിഴ പുറ്റുകളും കുഞു മല്‍സ്യങ്ങളേയും കാണാം. നക്ഷത്ര മല്‍സ്യ കുഞുങള്‍  തീരെ ഭയമില്ലാതെ തന്നെ  അവനെ തൊട്ടുരുമ്മി കടന്നു പോയി. അവന്നേറ്റവും സന്തോഷകരമായ സമയം ഇതാണു. കടലിന്നടിയിലെ ജാലവിദ്യകള്‍ നോക്കിയിരിക്കുന്നതു. പക്ഷെ, നെഞ്ചില്‍  മര്‍ദ്ദം അനുഭവപ്പെടുന്ന മുറക്കു അവന്നു മുകളിലേക്കു ഉയര്‍ന്നേ പറ്റു. ആധുനിക ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ, തന്റെ ശ്വാസകോശത്തിന്റെ പരമാവധി  വികസിപ്പിക്കുന്നതിന്നുള്ള കഴിവെ അവന്നുള്ളു. ഒരു നീണ്ട ശ്വാസം എടുത്തുകൊണ്ടു വീണ്ടും കടലിലേക്കു. ഇങ്ങിനെ അവന്‍  ഒരു 4-5 വലിയ മീനുകളെ കൈയ്യിലെ ചാട്ടുളി കൊണ്ടു എയ്തു, കൈക്കലാക്കി. ഏറ്റവും വലുതിന്നു ഒരു 5 കിലോ തൂക്കം കാണും.  അവന്‍ മനസ്സില്‍ കണക്കു കൂട്ടി.  ഇതു കടയില്‍ കൊടുത്താല്‍ അത്യാവശ്യം സാധനങ്ങള്‍ മേടിക്കാം.  പെട്ടെന്നു, ഓര്‍ക്കാപ്പുറത്താണു ചുമലില്‍  എന്തോ വന്നു മുട്ടിയതു. തിരിഞു നോക്കാതെ തന്നെ  അവന്‍  ആഴങ്ങളിലേക്കു പൊടുന്നനെ ഊളിയിട്ടു.  അത്യാവശ്യം വരുന്ന സമയത്തു രക്ഷക്കായി പവിഴ പുറ്റുകള്‍ക്കിടയില്‍ അവന്‍ മുന്നെ തന്നെ നോക്കി വെച്ച  ഒരു ചെറിയ ഇടമുണ്ടു. അതിലേക്കു കടന്ന അവന്‍ നോക്കിയതു തന്നെ മുട്ടിയ വമ്പന്‍ സ്രാവിനെ ആണു. ഈ സ്രാവിന്റെ വായിലകപ്പെട്ടാല്‍ പിന്നെ തീര്‍ന്നു. അവനോര്‍ത്തു. പക്ഷെ നെഞ്ചിലെ ഭാരം കൂടി കൂടി വരുന്നു.. എത്ര നേരം ഇങിനെ പിടിച്ചു നില്ക്കാന്‍ കഴിയും എന്നു അവന്നു തന്നെ അറിയില്ലാ.  പെട്ടെന്നതാ മറ്റൊരു വലിയ മീനും കൂടി വരുന്നു. അതു തന്നെ നേരത്തെ മുട്ടിയ സ്രാവിന്റെ  ചിറകില്‍ ഊക്കില്‍ ഉരസി കൊണ്ടു കടന്നു പോയി.ആ പെട്ടെന്നുള്ള കയ്യേറ്റത്തില്‍ സ്രാവു വെള്ളത്തിന്നടിയിലേക്കു ഊളിയിട്ട നിമിഷം തന്നെ  പോള്‍  സകല ശക്തിയും സംഭരിച്ചു, കടലിന്റെ മുകള്‍ തട്ടിലെത്തുവാന്‍ ആഞു കുതിച്ചു. നെഞ്ചു  ഇപ്പോള്‍ പൊളിഞു പോകും എന്നപോലെ ഉള്ള സമ്മര്‍ദ്ദം. അനുഭവപ്പെതുന്നുണ്ടു.. പ്രാണവേദനയോടെ ജലോപരി ഉയര്‍ന്നു ആഞു ഒരു കവിള്‍ ശ്വാസം  നിറച്ചു. തന്റെ തോണി കുറച്ചകലെ ആയി ഓളങ്ങളില്‍ ചാഞ്ചാടുന്നുണ്ടു.തോണിക്കടുത്തെത്താന്‍ അവന്‍ ശ്രമപ്പെട്ടു നീന്തി...എത്തി എത്തിയില്ലാ എന്നായപ്പോളേക്കും  വീണ്ടും എന്തൊ ഒന്നു അവന്റെ ശരീരത്തിലൂടെ ഉരുമ്മിക്കൊണ്ടു കടന്നുപോയി.അവന്റെ ദേഹമാകെ ഭയത്താല്‍ വലിഞു മുറുകി.  ഇതതു തന്നെ. ആ വമ്പന്‍ സ്രാവു...അവന്‍ ഓര്‍ത്തു. തോണിക്കടുത്തെത്തിയാല്‍ ആ തുഴയെങ്കിലും ഒരായുധമാക്കാമായിരുന്നു. അവന്‍ ചിന്തിച്ചു. തോണിപടിയിലേക്കു അവന്‍ ശ്രമപ്പെട്ടു ചട്ടുകാലും വലിച്ചു വെച്ചു പിടിച്ചു കയറാന്‍ തുനിഞ്ഞപ്പോളേക്കും, വീണ്ടും  എന്തിന്റേയോ ശക്തമായ ഒരു ഉരസലില്‍ അവന്‍ പിടി വിട്ടു വെള്ളത്തിലേക്കു താഴ്ന്നു.  ആ ഒരു നിമിഷാര്‍ദ്ധത്തില്‍ ഇപ്പോള്‍ എല്ലാം അവസാനിച്ചു   എന്ന ഒരു ചിന്ത മാത്രം മനസ്സിലൂടെ കടന്നു പോയി. ഒരു യുഗം കഴിഞപോലെ......പോള്‍ അല്പം സ്വസ്ഥനായപ്പോള്‍ മുഖംമൂടിയിലൂടെ കണ്ടതു തൊട്ടടുത്തു തന്നെ ഒരു ഭീമാകാരം....ഇതാണല്ലോ ആദ്യം തന്നെ മുട്ടിയ സ്രാവിനെ ആക്രമിക്കുവാന്‍ വന്നതു. ഒരിക്കല്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ അവന്നു മനസ്സിലായി...ഇതു സ്രാവല്ലാ, മറിച്ചു ഡോള്‍ഫിന്‍ എന്നറിയപ്പെടുന്ന കടല്‍ പന്നിയാണു. മറ്റു ജലജന്തുക്കളെ അപേക്ഷിച്ചു ഇതിന്നു ഒരല്പം കൂടി കൂര്‍ത്ത ചുണ്ടാണു. പാര്‍ശ്വവീക്ഷണത്തിലാകട്ടെ,  ഇതു ചിരിക്കുന്നപോലെ തോന്നും. ഈ മീന്‍ ആക്രമണകാരിയല്ല, കടലിലെ രക്ഷകനാണു. അറ്റമില്ലാത ഈ കടലില്‍ മനുഷ്യനെ സഹായിക്കുവാന്‍ ഇവക്കു മാത്രമെ കഴിയു, റോജരുടെ വാക്കുകള്‍ പോളിന്നു ഇപ്പോള്‍ ഓര്‍മ്മയിലെത്തി. ഒപ്പം തന്നെ എന്തെന്നില്ലാത്ത ഒരാശ്വാസത്തിന്റെ തണല്‍ അവനെ ആവരണം ചെയ്തു. പക്ഷെ ഇപ്പോള്‍  എന്തുതന്നെ ആയാലും ശ്വാസം എടുക്കണമെങ്കില്‍ കടലിന്റെ മുകള്‍തട്ടിലെത്തിയേ പറ്റു. മെല്ലെ  മെല്ലെ അവന്‍ ഉയരുവാന്‍ തുടങി. തോണിക്കൊമ്പു പിടിച്ചു ഒരു രണ്ടു ശ്വാസം എടുത്തപ്പോളേക്കും അതാ വരുന്നു പിന്നത്തെ തട്ടു. വീണ്ടും പോള്‍ വെള്ളത്തില്‍; പക്ഷെ ഇപ്പോള്‍ അവന്റെ തൊട്ടടുത്തു തന്നെ ആ മല്‍സ്യവും ഉണ്ടൂ. പെട്ടെന്നുണ്ടായ ഒരരിശത്തില്‍ അവന്‍ തൊട്ടു താഴെതന്നെ ഉള്ള ആ മല്‍സ്യത്തിന്റെ മുതുകിലേക്കു ഊര്‍ന്നിറങി. രണ്ടു കൈ കൊണ്ടും ആ മല്‍സ്യത്തിനെ വരിഞു പിടിച്ചു. ഇതു ഡോള്‍ഫിന്നും ഇഷ്ടമായെന്നു തോന്നുന്നു. ഒരു നൃത്ത ചുവടുകള്‍ പോലെ, സാവധാനം ഉലഞുകൊണ്ടു അതു വെള്ളത്തിന്നടിയില്‍ ഒഴുകി നടന്നു. ശ്വാസം കിട്ടാതെ പോള്‍ കാലിട്ടടിച്ചപ്പോള്‍ പെട്ടെന്നു മീന്‍ ജലോപരി ഉയര്‍ന്നു. പോളിനോടൊപ്പം തന്നെ  ഉയര്‍ന്ന മീനിന്റെ ശിരസ്സിലുണ്ടായിരുന്ന ഒരു ദ്വാരം തുറന്നു ഒരു വൂഫ് ശബ്ദത്തോടെ ജലം മുകളിലേക്കു ചീറ്റി പൊങ്ങി.. വലിയ വലിയ കടല്‍ ജീവികള്‍ ഇങിനെയാണു ശ്വാസം കഴിക്കുക എന്നു റോജര്‍ അവന്നു മനസ്സിലാക്കി കൊടുത്തിരുന്നു. ഇപ്പോള്‍ അവള്‍ ( ഡോള്‍ഫിനെ ഒരു പെണ്‍കുട്ടിയായിട്ടു മാത്രമെ അവന്നു തോന്നിയുള്ളു)  ഒരു തമാശക്കെന്നപോലെ വീണ്ടും, മുങി. നെഞ്ചിലെ ശ്വാസസമ്മര്‍ദ്ദം കൂടുമ്പോള്‍ പോള്‍ കാലിട്ടടിക്കുമ്പൊള്‍ അവള്‍ വെള്ളത്തിന്നു മുകളിലോട്ടു പൊങ്ങും. ശ്വാസം എടുത്തു കഴിഞാല്‍ പിന്നെയും താഴും...ക്രമേണ അവന്നു ആ ശ്വാസതാളത്തിലൂടെ, മല്‍സ്യവും അവനും ആയുള്ള ഒരു പ്രത്യേകതരം  ലയം സ്വായത്തമാകുക ആയിരുന്നു.  ഇപ്പോള്‍ പോളിന്നു ഇതൊരു നല്ല കളി ആയി തോന്നി.  ഒരു സുഹൃത്തു കൂടി ഇല്ലാതിരുന്ന തനിക്കു കിട്ടിയ ഒരു വിശേഷപ്പെട്ട സുഹൃത്തായി ഡോള്‍ഫിന്‍ എന്നു അവന്നു തോന്നി. അസ്തമയ സൂര്യന്‍ കടലിലേക്കു താഴാന്‍ തുടങുന്നവരെ അവര്‍ കളിച്ചുകൊണ്ടേ ഇരുന്നു.  അവസാനം, മനമില്ലാ മനത്തോടെ, അവന്‍ സ്വന്തം തോണിയിലേക്കു വലിഞു കയറി. തോണിയിലുണ്ടായിരുന്ന മീനില്‍ അല്പം മാറ്റിവെച്ചു ബാക്കി മുഴുവന്‍ അവന്‍ ഡോള്‍ഫിനെ തീറ്റി. ഇപ്പോള്‍ മല്‍സ്യവും പോളിന്റെ സാമിപ്യം ഇഷ്ടപ്പെട്ടപോലെ, തോണിക്കരികിലൂടെയും പുറകിലായും സഞ്ചരിച്ചു. അവസാനം, പോള്‍ കരയിലേക്കു  തോണി അടുപ്പിക്കുകയാണു എന്നു മനസ്സിലായപ്പോള്‍ മല്‍സ്യം അഗാധതയിലേക്കു ഊളിയിട്ടു മറഞു.
ചട്ടുകാലും വലിച്ചു കഴിയുന്നത്ര വേഗത്തിലാണു ഇപ്പോള്‍ പോളിന്റെ  ഗതി. അവന്റെ കയ്യില്‍, ഭക്ഷണമുണ്ടു, പുകയിലയുണ്ടു; അതിനേക്കാളുപരി തനിക്കുണ്ടായ അനുഭവം റോജരുമായി പങ്കുവെക്കുന്നതിന്നും അവന്റെ നൂറു നൂറു സംശയങ്ങള്‍ക്കു ഉത്തരം ലഭിക്കുന്നതിന്നും ഉള്ള ആകാംക്ഷയായിരുന്നു പോളിന്റെ മനസ്സില്‍........
ഇപ്പോള്‍ പോളിന്റെ ദിനങ്ങള്‍ക്കു ഒരു ഉല്‍സവ ലഹരിയാണു. ഒരു പ്രത്യേകതരം ചൂളം വിളിയിലൂടെ ഡോള്‍ഫിന്നു പോളിനെ തിരിച്ചറിയാം. പോള്‍ അങിനെ ചൂളം വിളിച്ചാല്‍ മല്‍സ്യം തോണിയുടെ അരികിലൂടെ ഉരുമ്മി ഒഴുകും.   അതിന്റെ പുറത്തു താന്‍ സഞ്ചരിക്കുമ്പോള്‍ കാലിന്റെ ചലനങ്ങള്‍ കൊണ്ടു മല്‍സ്യത്തെ വെള്ളത്തിന്നടിയില്‍ നിന്നും മുകളിലേക്കു ഉയരുവാന്‍ പോള്‍ പരിശീലിപ്പിച്ചു. തോണി യില്‍ നിന്നും പങ്കായം കൊണ്ടു ഒരു പ്രത്യേക താളത്തില്‍   ജലത്തില്‍ അടിക്കുമ്പോള്‍ മല്‍സ്യം തീറ്റക്കായി വായ് തുറക്കും.  വമ്പന്‍ ഡോള്‍ഫിന്റെ മുതുകത്തു കയറി സവാരി ചെയ്യുന്ന; ആ മീനുമായി കളിക്കുന്ന പോളിനെ കണ്ട ആ ദ്വീപിലെ മുക്കുവന്മാരും, മറ്റു ജനങ്ങളും, അല്പമൊരു ഭയത്തിന്റെ പരിവേഷതയിലാണു ഇന്നു അവനെ വീക്ഷിക്കുന്നതു. കാരണം, ആ ഭാഗങ്ങളില്‍ ചട്ടുകാലുമായി ജനിക്കുന്ന ഒരു കുഞ്ഞു; ചെകുത്താന്റെ സന്തതിയാണു....അതും പോരാതെ, ആ കൊച്ചു, കടലിലെ ഭീമാകാരമായ കടല്‍പന്നിയോടൊപ്പം കുത്തിമറിഞു കളിക്കുന്നതും,  അതിന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണുന്ന  നിരക്ഷരും, സാധുക്കളും ആയ അവര്‍ പല കഥകളും ഭാവനയില്‍ നിന്നും മെനഞുണ്ടാക്കി.  അവനോടു ഒട്ടും ദയവില്ലാതെ ക്രൂരമായ പദങ്ങളാല്‍ വേദനിപ്പിച്ചും കൊണ്ടു മാത്രം സംസാരിച്ചിരുന്ന ആ പെണ്‍കിടാവിന്നാകട്ടെ ഇന്നവന്‍  ദേവനാണു.  തന്റെ നേരെ ഉള്ള  ജനങ്ങളുടെ മാറി മാറി വരുന്ന ഈ നിലപാടുകള്‍ പോളിനെ ഒരല്പം സന്തുഷ്ടനാക്കി എന്നും പറയാതെ വയ്യ.

ഇന്നു പോള്‍ വരുന്നതിന്നു എത്രയോ മുന്‍പു തന്നെ ആ പെണ്‍കുട്ടി കടപ്പുറത്തു ഹാജരായിട്ടുണ്ടു. പോള്‍ സമ്മതിച്ചാല്‍ ഇന്നവന്റെ കൂടെ തോണിയിലും പിന്നെ, ആ മല്‍സ്യത്തിന്റെ പുറത്തും സവാരി ചെയ്യാമെന്ന മോഹമാണു അവളെ ഇത്ര നേരത്തെ തന്നെ ഇങോട്ടു വരുത്തിയതു. അങു ദൂരെ തങ്ങളുടെ  ബംഗ്ലാവിന്റെ ജനാലക്കല്‍ ഒരുതരം വേവലാതിയാര്‍ന്ന മുഖവുമായി അവളുടെ അമ്മ നില്‍ക്കുന്നതു അവള്‍ കാണുന്നില്ലാ. അവളുടെ എല്ലാ ശ്രദ്ധയും പോള്‍ വരുന്ന വഴിയിലേക്കാണു.ദൂരെ, പോളിനെ കണ്ടതും  അവള്‍ ഓടി അടുത്തു ചെന്നു...ഇന്നെന്നെ കൂടി കൊണ്ടുപോകാമോ അവള്‍ ചോദിച്ചു. ആകാംക്ഷ മുറ്റി നിന്ന ആ മുഖം എന്തൊരു സുന്ദരമാണു, പോള്‍ മനസ്സില്‍ കരുതി. അവളുടെ കണ്ണുകളുടെ ആഴങ്ങളിലാണോ കടല്‍? യൗവനാരംഭമായതിനാല്‍ ആ വദനവും, ശരീരവും ആരേയും കൊതിപ്പിക്കുന്ന ലാവണ്യം കരസ്ഥമാക്കിയപോലെ. സ്വര്‍ണ്ണ നിറത്തില്‍ ഒഴുകിയിറങി അരകെട്ടു വരെ എത്തുന്ന തലമുടി, കടല്‍കാറ്റേറ്റു മുഖത്തേക്കു പാറിവരുന്നതു, അസ്വസ്ഥതയോടെ അവള്‍ മാടി ഒതുക്കുന്നു. ചെന്തൊണ്ടി പഴത്തിന്റെ ചുവപ്പാര്‍ന്ന ചുണ്ടുകള്‍, ധരിച്ചിരുന്ന നനുത്ത വസ്ത്രങ്ങളിലൂടേ  ഞാനിതാ യൗവനയുക്തയായി എന്നു ഘോഷിക്കുന്ന മാറിടത്തിന്റെ ഭംഗി.  എല്ലാം ഒരൊറ്റ നോട്ടത്തില്‍ തന്നെ അവന്റെ മനസിലേക്കാകൃഷ്ടമായി.  എന്നിരുന്നാലും, ഒരു താല്പര്യരഹിതമായ സ്വരത്തില്‍ അവന്‍ അവളുടെ ചോദ്യത്തിന്നു മറുപടി ഏകി. " പക്ഷെ എനിക്കിപ്പോളും മുടന്തുണ്ടു. ഞാനൊരു മുടന്തന്‍ പീക്കിരി പയ്യനാണു. "

ഇപ്പോള്‍ വിളറി വെളുത്തു പോയതു ആ പെണ്‍കുട്ടിയാണു. ഓര്‍ക്കാപുറത്തു ഒരടി ലഭിച്ചമട്ടില്‍  സ്തബ്ദ ആയി പോയ അവളുടെ മുഖത്തേക്കു ഇപ്പോള്‍ രക്തം ഇരച്ചുകയറി... താനിപ്പോള്‍ ബോധശൂന്യയായി നിലം പതിച്ചേക്കും എന്നു അവള്‍ ഭയപ്പെട്ടു... ദൈവിക പരിവേഷമുള്ള ഡോള്‍ഫിന്‍ പോലും അവന്റെ സുഹ്രുത്താണു. ഞാനെന്തിന്നു ഇത്രയും മോശമായി അവനോടു സംസാരിച്ചു ....അവളോര്‍ത്തു. മുഖം കുനിച്ചുനില്ക്കുന്ന അവളുടെ കണ്ണുകളില്‍ നിന്നും മുത്തുമണികള്‍ പോലെ, കണ്ണീരു മണലിലേക്കു വീഴുന്നതു കണ്ട പോളിന്റെ ഹൃദയം അലിഞു. അവളുടെ തോളിലൂടെ കൈയിട്ടു അണച്ചു പിടിച്ചുകൊണ്ടു അവന്‍ പറഞു. വരു, നമുക്കു പോകാം. അവന്‍ പറയുന്നതു കളിയാക്കലാണോ എന്നു തേടുന്നതുപോലെ, നനഞ്ഞ ഇമകളും, വിറയാരുന്ന അധരങ്ങളും ആയി ആ പെണ്‍കിടാവു അവന്റെ മുഖത്തേക്കു നോക്കി. അവിടെ കണ്ട ഏതോ ഒരു ഭാവം അവളെ തൃപ്തയാക്കിയതുപോലെ....പുറം കൈയ്യാല്‍ കണ്ണീരു തുടച്ചും കൊണ്ടു അവര്‍ കടലിന്നടുത്തേക്കു നടന്നു. അന്നത്തെ ദിവസം  കൂടുതല്‍ സൗന്ദര്യകരമായി പോളിന്നു തോന്നി. ഒരു പെണ്‍കിടാവു കൂടെ ഉണ്ടായപ്പോള്‍ അവളുടെ മുന്‍പില്‍ വലിയവനാകുവാന്‍ അവന്‍ പല കസര്‍ത്തും കാണിച്ചു. അവളുടെ ആരാധന നിറഞ നോട്ടത്തിന്നുവേണ്ടി, ഒരു കടല്‍ നീളെ ,  എന്തിനു, ജീവിതം മുഴുവന്‍ തന്നെ ഇങിനെ യാത്ര ചെയ്യാമെന്നു അവന്നു തോന്നി. ഒരു തവണ, ഡോള്‍ഫിന്റെ പുറത്തു അവളേയും അണച്ചു പിടിച്ചാണു അവന്‍ സവാരി ചെയ്തതു.

  • ഈയ്യിടെ ആയി, മകനിപ്പോള്‍ വൈകിയാണു   എന്നും വരുന്നതു...എന്നിരുന്നാലും, എന്തെങ്കിലും ഭക്ഷണവും, റോജരിന്നുള്ള പുകയിലയും കരുതിയിട്ടുമുണ്ടാകും. അതെല്ലാം അഛന്നു നല്കിയതിന്നു ശേഷം അവന്റെ വര്‍ത്തമാനങ്ങള്‍ മുഴുവനും ഡോള്‍ഫിനെ കുറിച്ചും, കടല്‍ക്കരയിലെ ബംഗ്ലാവിലെ ആ പെണ്‍കുട്ടിയെ കുറിച്ചും ആണു. ആ പെണ്‍കുട്ടിയെ കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ എല്ലാം തന്നെ അവന്റെ കണ്ണുകളില്‍ ഒരായിരം പൂത്തിരി കത്തിച്ച പ്രകാശം കാണാം. അപ്പോളെല്ലാം തന്നെ, ഒരു  25 കൊല്ലം മുന്‍പു, തനിക്കു ഈ കടല്‍തീരത്തു തന്നെ ഉണ്ടായിരുന്ന ആ നിഷ്ഫലമായ പ്രേമ ബന്ധത്തെക്കുറിച്ചും  റോജര്‍ ഓര്‍മ്മിക്കും.  വിധി തല്ലികെടുത്തിയ ആ തീവ്രമായ സ്നേഹബന്ധത്തെ കുറിച്ചും,  ഓര്‍ക്കും. അടുത്തവേള  ഒരു പക്ഷെ തന്റെ മകന്നും നിശ്ചയമായും സംഭവിച്ചേക്കാവുന്ന പ്രേമ ബന്ധത്തിന്റെ തകര്‍ച്ചയെ കുറിച്ചും അയ്യാള്‍ വ്യാകുലപ്പെടും. ആ പെണ്‍കുട്ടി ധനികനായ ഒരു കച്ചവടക്കാരന്റെ ഏക പുത്രിയാണു. അവളുടെ അമ്മ, ആരുമായും ചങ്ങാത്തം ഇല്ലാത്ത ഒരു സ്ത്രീ ആണു എന്നു മാത്രമെ അയാള്‍ക്കും അറിയു. ഇന്നു രാത്രി തന്നെ, പോളിനോടു ഈ ബന്ധത്തില്‍ നിന്നും പിന്‍തിരിയുവാന്‍  താന്‍ പ്രേരിപ്പിക്കും എന്നു എല്ലാ ദിവസവും, റോജര്‍ മനസ്സില്‍ ഉറപ്പിക്കാറുണ്ടു. പക്ഷെ, വൈകുന്നേരങ്ങളില്‍ വന്നു കയറുന്ന മകന്റെ പ്രസരിപ്പും, സന്തോഷവും, കണ്ണുകളിലെ ആ തിളക്കവും എല്ലാം കാണുമ്പോള്‍ നേരത്തെ പറയുവാന്‍ വേണ്ടി  ഉറപ്പിച്ചു വെച്ച വാക്കുകള്‍  സ്വയം വിഴുങുകയാണു പതിവു.

മോനെ, ഇന്നും അയാള്‍ വാടകക്കു വന്നിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ വീടു ഒഴിഞു കൊടുക്കണമെന്നാണു അയാള്‍ പറയുന്നതു. രാത്രി, തൊട്ടു തൊട്ടു കിടക്കുമ്പോള്‍ റോജര്‍ പറഞു. പക്ഷെ നാം എങോട്ടു പോകും? പോള്‍ ചോദിച്ചു.  എനിക്കറിയില്ലാ, ഒരു 3 മാസം കൂടി കഴിയാതെ, ഈ കാല്‍ ഉറപ്പിച്ചു എനിക്കു ഒന്നും ചെയ്യുവാന്‍ കഴിയില്ലാ. കാല്‍ ശരിയായാല്‍ നമുക്കു വേണമെങ്കില്‍ കുറേ അകലെ ഉള്ള മറ്റു ഏതെങ്കിലും സ്ഥലത്തില്‍ പോയി ജീവിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍....റോജര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. ഇപ്പോള്‍ ഒരാഴ്ച്ചക്കുള്ളില്‍ എന്തു ചെയ്യും. പോളും ആകെ അസ്വസ്ഥനായി. ഓര്‍മ്മ വെച്ച കാലം മുതല്‍ക്കു പഴകിവന്ന, ഈ കടല്‍തീരം, ഇപ്പോള്‍, പതുക്കെ പതുക്കെ, തന്റെ എല്ലാമെല്ലാമായി മാറുന്ന ആ പെണ്‍കുട്ടി, തന്റെ ജീവനായ സുഹൃത്തു, ഡോള്‍ഫിന്‍.....എല്ലാവരേയും വിട്ടു, ഞാന്‍ എന്തു ചെയ്യും? അവന്റെ മുന്പില്‍ ഭാവി ഒരു ചോദ്യചിഹ്നമായി.  മോനെ, അവന്റെ മനസ്സിലേക്കു റോജരുടെ വാക്കുകള്‍ ഒരു ചാട്ടുളി പോലെ കടന്നുവരികയാണു....കടലില്‍ എത്രയോ മല്‍സ്യങ്ങളുണ്ടു. നമുക്കു എല്ലാം ലഭിക്കില്ലാ. ഇപ്പോള്‍ നിനക്കു ലഭിച്ച ആ ഡോള്‍ഫിനെ കച്ചവടക്കാര്‍ക്കു കൊടുത്താല്‍ തീര്‍ച്ചയായും, ഈ വീടു സ്വന്തമാക്കാനുള്ള തുക നമുക്കു ലഭിക്കും, മാത്രമല്ല, ഒന്നു മുറുകെ പിടിച്ചാല്‍ അവരില്‍ നിന്നും തന്നെ, എന്റെ ഈ കാലു ശരിപ്പെടുന്നതുവരെ ജീവിക്കാനുള്ള പണവും ലഭിക്കും.  സാധാരണ ഡോള്‍ഫിനുകളെ ലഭിക്കുന്നതു വളരെ പ്രയാസകരമായ ജോലിയാണു. ഇപ്പോള്‍ നിന്നോടൂ ചങാത്തം കൂടിയ അതിനെ ചാട്ടുളി പ്രയോഗിച്ചു കൊല്ലുവാന്‍ വിഷമമുണ്ടാകില്ലാ. .....ഇല്ലാ...ഇല്ലാ.. ഒരലര്‍ച്ച പോളില്‍ നിന്നും ഉയര്‍ന്നു.  പായയില്‍ കൊടും കൈ കുത്തി ഉയര്‍ന്നുകൊണ്ടു  അവന്‍ കരയുന്ന സ്വരത്തില്‍ പറഞു. ആ ഡോള്‍ഫിന്‍ എനിക്കാകെപ്പാടെ ഉള്ള ഒരു സുഹ്രുത്താണു. അതിനെ ഞാന്‍ കൊല്ലണമെന്നു പറയുവാന്‍ നിങള്‍ക്കെങിനെ കഴിഞു അഛാ?   എന്നെ വിശ്വസിച്ചു, എന്റെ കൂടെ  കളിക്കുന്ന ഡോള്‍ഫിനെ കൊല്ലുകയോ....അഛാ, അഛാ  ഇതു നിങ്ങള്‍ തന്നെ പറഞ്ഞതാണോ?   കണ്ണീര്‍  ചാലായി ഒഴുകുന്ന മുഖം ഉയര്‍ത്തി അവന്‍ കേണു.
ഒരല്പനേരത്തെ മൗനത്തിന്നു ശേഷം റോജര്‍ പറഞു. മോനെ, ഈ ലോകത്തില്‍ എല്ലാവര്‍ക്കും വേണ്ടതു ധനമാണു. നമുക്കതില്ലാത്തതിനാല്‍ എല്ലാവരും നമ്മെ പുറം കാലുകൊണ്ടു തട്ടി എറിയും.  ഒരു നല്ല പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍കൂടി ധനം അനിര്‍വാര്യമാണു. ലോകസ്വഭാവം ആണു മോനെ ഇതു... റോജര്‍ പറഞു...}.ഇതിന്നിടയിലും മനസ്സില്‍ നിന്നും ഒരു കൊളുത്തു ചോദ്യം തന്നോടു ചോദിക്കുന്നതു റോജര്‍ കേട്ടു...ഇപ്പോളെന്തിനാണു നീ പെണ്‍കുട്ടിയുടെ കാര്യം പരാമര്‍ശിച്ചതു...ഒരുതരം ചൂണ്ട അല്ലേ?}

രാവിലെ തീര്‍ത്തും ഉന്മേഷ രഹിതനായാണു പോള്‍ കടലിലേക്കിറങിയതു. പക്ഷെ അവനെ കാത്തു അവിടെ നിന്നിരുന്ന ആ പെണ്‍കിടാവിനെ കണ്ടപ്പോള്‍, അവളുടെ  പ്രതീക്ഷാഭരിതമായ സുന്ദരമായ മന്ദഹാസം കണ്ടപ്പോള്‍ പോളിന്റെ മനസ്സില്‍ ഇന്നലത്തെ അച്ഛന്റെ വാക്കുകള്‍ മുഴങി..... തനിക്കെന്നെങ്കിലും ഇവളെ സ്വന്തമാക്കുവാന്‍ കഴിയുമോ?
അവളോടൊപ്പം തോണിയില്‍ ഇരിക്കുമ്പോളും, വെള്ളത്തില്‍ ഊളിയിട്ടു കളിക്കുമ്പോളും, ഡോള്‍ഫിന്റെ പുറത്തു അവളേയും കെട്ടിപിടിച്ചു സവാരി ചെയ്യുമ്പോളും എല്ലാം അവന്റെ മനസ്സില്‍ ഈ ചോദ്യം  അവനെ വേട്ടയാടി കൊണ്ടേ ഇരുന്നു. ഒടുവില്‍ തോണിയില്‍ കയറി കരയിലേക്കു തിരിക്കുമ്പോള്‍ അവന്‍ ചോദിച്ചു..." നിനക്കു എന്നെ ഇഷ്ടമാണോ?" അവന്റെ  കണ്ണുകളില്‍ ആശയുണ്ടായിരുന്നു. വാക്കുകളില്‍ ; മനസ്സില്‍ ആശങ്കയും..എന്തായിരിക്കും ഈ പെണ്‍കിടാവിന്റെ പ്രതികരണം. ...ഒരു നിമിഷം പോലും വൈകാതെ അവളുടെ ഉത്തരം വന്നു. അവന്റെ മാറിലേക്കു ചാഞു കിടന്നു, മുറുകേ ആശ്ശ്ലേശിച്ചുകൊണ്ടു അവള്‍ മൊഴിഞു...നിന്നെ മാത്രം...നിന്നെ മാത്രം...ആ ആശ്ശ്ലേഷത്തില്‍ സ്വയം മറന്നു എത്രനേരം അവരങ്ങിനെ ഇരുന്നു  എന്നു അറിയില്ലാ. ഇപ്പോള്‍ അവന്റെ മനസ്സില്‍ ഉയരുന്നതു ഒരേ ഒരു പ്രാര്‍ഥന മാത്രം.... കുട്ടികാലത്തു റോജര്‍ എന്നും ചൊല്ലിത്തരുന്ന ആ പ്രാര്‍ഥന..." അത്യുന്നതങ്ങളില്‍ വാഴുന്ന എന്റെ ദൈവമെ"" ആ പെണ്‍കുട്ടിയെ ാങ്ങിനെ അണച്ചു പിടിച്ചും കൊണ്ടു, അവന്‍ തോണി ഒറ്റ കൈയാല്‍ പങ്കായമെറിഞു നിയന്ത്രിച്ചു തീരത്തേക്കടുപ്പിച്ചു. കടല്‍ തീരത്തു തോണിയില്‍ നിന്നും അവളെ കൈപിടിച്ചു ഇറക്കവെ അവന്‍ ഒരിക്കല്‍ കൂടി അവളെ അണച്ചാശ്ശ്ലേഷിച്ചു, ആ ചുണ്ടുകളില്‍ ഗാഡമായി ചുംമ്പിച്ചു.

ലോകം മുഴുവന്‍ തന്റെ കാല്‍കീഴിലാണു എന്ന ധൈര്യത്തില്‍;  ഭാവത്തില്‍ ആണു ഇപ്പോള്‍ പോള്‍ വീട്ടിലേക്കു മടങിയതു.. അന്നു രാത്രിയും പതിവുപോലെ റോജര്‍ മല്‍സ്യത്തെ ചാട്ടുളി കൊണ്ടു വധിക്കുന്ന  വിഷയം പറഞു തുടങിയപ്പോള്‍ അവന്‍ എതിര്‍ത്തില്ലാ.....അവന്റെ മനസ്സും ശരീരവും ഇപ്പോള്‍ ആ പെണ്‍കുട്ടി എന്ന ആകര്‍ഷണ വലയത്തില്‍ മാത്രമാണു.
നീ  തോണിയില്‍ കയറാന്‍ എന്നെ സഹായിക്കുകയാണെങ്കില്‍  നാളെ ഞാന്‍ കൂടി വരാം. നീ ചൂളം വിളിച്ചു മല്‍സ്യത്തെ വരുത്തി തന്നാല്‍ മാത്രം മതി. ബാക്കി ഞാന്‍ കൈകാര്യം ചെയ്യാം. റോജരുടെ വാക്കുകള്‍ക്കു ഒരു തരത്തിലുള്ള നിഷേധ ശബ്ദവും പോളില്‍ നിന്നും ഉയര്‍ന്നില്ലാ.  പിറ്റേന്നു,  പ്ലാസ്റര്‍ ഇട്ട കാലു ഒരു ഊന്നുവടിയുടെ സഹായത്താല്‍ ചലിപ്പിച്ചും, പോളിന്റെ തോളില്‍ പിടിച്ചും റോജര്‍ പതുക്കെ, ഇറങി. കടലോരത്തെത്തി. എത്ര കാലമായി ഞാന്‍ ഈ കടലിനെ ഒന്നു തൊട്ടിട്ടു. പോളിന്റെ സഹായത്തോടെ തന്നെ അയാള്‍ തോണിയിലേക്കു  കയറി. അരയില്‍ കെട്ടിഉറപ്പിച്ച ബെല്‍ടില്‍ റോജര്‍ തന്റെ വലിയ ചാട്ടുളി കൊളുത്തി ഇട്ടു. പോളിപ്പോള്‍ ആകെ ഒരു അനിശ്ചിതാവസ്ഥയിലാണു. ഒരല്പം സമ്പന്നനായാല്‍ സമൂഹത്തില്‍ നല്ല പേരും, ആ പെണ്‍കുട്ടിയും ജീവിതത്തില്‍ ഉണ്ടാകും. പക്ഷെ അതു ലഭിക്കുവാന്‍ തനിക്കു ലഭിച്ച ആ പാവം സുഹൃത്തിനെ ചതിച്ചു കൊന്നിട്ടു വേണോ എന്ന ചോദ്യവും മനസ്സിലുയര്‍ന്നു. മനസ്സെന്ന തുലാസു ചാഞ്ചാടി കൊണ്ടെ ഇരുന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ തനിക്കു ആദ്യമായി ലഭിച്ച ആ സുഹൃത്തിനെ പറ്റിയുള്ള  പരിഗണന, സ്നേഹം, മറു നിമിഷത്തില്‍ ആ പെണ്‍കുട്ടിയുടെ മുഖവും, അവളെ മാറോടണച്ചപ്പോള്‍  താന്‍ അനുഭവിച്ച നിര്‍വൃതിയും, അനുഭൂതിയും...രണ്ടും അവനെ വ്യഥിപ്പിച്ചുകൊണ്ടേ ഇരുന്നു.. മൂകനായി അവന്‍ തോണി കൊമ്പത്തു ഇരുപ്പുറപ്പിച്ചു. സാധാരണ മുങാംകൂഴി ഇടുന്ന സ്ഥലത്തെത്തിയപ്പോള്‍ എന്തോ തീരുമാനത്തിലെത്തിയപോലെ അവന്‍ നിവര്‍ന്നിരുന്നു, ഡോള്‍ഫിന്നു പരിചിതമായ ആ ചൂളംവിളി പുറപ്പെടുവിച്ചു.  ഇതു കേള്‍ക്കാന്‍ കാത്തുനിന്നെന്നപോലെ  അവന്റെ തോണിയുടെ മറുവശത്തായി ഡോള്‍ഫിന്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടു.  വശങ്ങളില്‍ നിന്നും നോക്കിയപ്പോള്‍ അവന്നു മല്‍സ്യം തന്നെ നോക്കി ചിരിക്കുന്നപോലെ തോന്നിച്ചു. തോണിയുടെ വശം പിടിച്ചു അവന്‍ സാവധാനം കടലിലേക്കു ഉരുസിയിറങി. അവനെ കാത്തു നില്ക്കുകയായിരുന്നു എന്നു തോന്നിപ്പിക്കുംവണ്ണം  ഡോള്‍ഫിന്‍ അവന്റെ ദേഹത്തുകൂടെ ഉരസി നീങി. രണ്ടു കൈ കൊണ്ടും, ഡോള്‍ഫിന്റെ കഴുത്തു കെട്ടിപിടിക്കാന്‍ ഏന്തവെ, പാര്‍ശ്വദൃഷ്ടിയാല്‍  അവന്‍ തോണിയില്‍ കാലുകള്‍ ഉറപ്പിച്ചു തന്റെ ഭാരം തുലനം ചെയ്തുകൊണ്ടു ചാട്ടുളി എറിയുവാന്‍ ഉയരുന്ന റോജരുടെ കൈകള്‍ കണ്ടു. ആ നിമിഷത്തിലാണു താനെന്തൊരു കൊടും ചതിയാണു ചെയ്യുന്നതു എന്ന ബോധം അവന്റെ മനസ്സിലുണര്‍ന്നതു. തന്നെ വിശ്വസിച്ചു, വിളിക്കു കാതോര്‍ത്തു വന്ന ഡോള്‍ഫിനെ അച്ഛന്റെ കൈയിലെ ചാട്ടുളി കൊണ്ടാണെങ്കിലും താന്‍ തന്നെ അല്ലെ വധിക്കുന്നതു എന്ന്ന വിചാരം ഒരു ഞെട്ടല്‍ കണക്കു  അവനിലൂടെ പ്രവഹിച്ചു.. അരുതു അച്ഛാ എന്ന നിലവിളിയോടെ മല്‍സ്യത്തിന്റെ പുറത്തേക്കു ചാഞു കിടന്ന അവന്റെ തലച്ചോറില്‍  ഒരു കൊള്ളിമീന്‍ കണക്കു ഒരു പ്രകാശഗോപുരം പൊട്ടിചിതറി. ഒന്നുറക്കെ കരയുന്നതിന്നു ആവതിന്നുമുന്‍പുതന്നെ  ആ ചാട്ടുളി ലക്ഷ്യം കണ്ടു.... അവന്റെ  ശരീരം ചലനമറ്റു കഴിഞിരുന്നു.
ഡോള്‍ഫിനെ ലക്ഷ്യമാക്കി എയ്ത ചാട്ടുളി കൈയ്യില്‍ നിന്നും വിട്ടുകഴിഞമാത്രയിലാണു, മല്‍സ്യത്തെ കെട്ടിപിടിക്കുന്ന പോളിനെ , അഛന്‍ കാണുന്നതു. ആ തീരപ്രദേശത്തുള്ളവരില്‍ നിന്നും, കുറിക്കു കൊള്ളും വിധം ചാട്ടുളി പ്രയോഗിക്കുന്നതില്‍ അഗ്രഗണ്യനായ റോജരുടെ ലക്ഷ്യം ഒരിക്കലും പിഴക്കാറില്ലല്ലോ!!!! ഇപ്പോള്‍ ആ ചാട്ടുളി തന്റെ പോളിന്റെ ശരീരത്തിലേക്കാണു കയറിയതു എന്ന യാഥാര്‍ത്ഥ്യം റോജര്‍ക്കു പെട്ടെന്നു ഉള്‍കൊള്ളാനായില്ലാ..  എങിനേയോ, ഏന്തി വലിഞു പോളിനെ വലിച്ചു തോണിയിലിട്ടു, കരയെ ലക്ഷ്യമാക്കി, റോജര്‍ ആഞ്ഞു തുഴയുവാന്‍ തുടങി. ഇപ്പോളും ആ മല്‍സ്യം തോണിയുടെ അരികിലായി തന്നെ നീന്തുന്നുമുണ്ടു.  കരക്കടുത്തു എത്താനായപ്പോള്‍ ഡോള്‍ഫിന്‍ ആകാശത്തേക്കു കുതിച്ചുപൊങി. റോജരിന്നു, ആ മല്‍സ്യം , തോണിയില്‍ കിടത്തിയ പോളിന്റെ ശരീരം നോക്കുകയാണു എന്നു തോന്നി.  അവന്റെ അനക്കമറ്റ ശരീരം നോക്കി, ഡൊള്‍ഫിന്‍  മുങ്ങാംകൂഴി ഇട്ടു മറഞു.

കടല്‍ക്കരയില്‍ ആ പെണ്‍കുട്ടിയുടെ മാതാവു നില്‍പ്പുണ്ടു. അവരെ ഇതിന്നു മുന്‍പും പല തവണ കണ്ടിട്ടുള്ളതിനാല്‍   അവരുടെ ഈ നില്‍പ്പു എന്തിനോ കാത്തു കൊണ്ടെന്ന വിധമാണു എന്നു റോജര്‍ക്കു തോന്നി.  കരയിലേക്കു തോണി വലിച്ചു കയറ്റുവാന്‍ നില്‍ക്കാതെ, മണല്‍തിട്ടയിലേക്കു  തോണി ആഞിടിപ്പിച്ചുകൊണ്ടു , റോജര്‍ പ്രയാസപ്പെട്ടു ഇറങി.  ഇറങിയതിന്നു ശേഷം കുഞു പോളിന്റെ ശരീരം, രണ്ടു കൈകൊണ്ടും താങി, പ്ലാസ്റര്‍ ഇട്ട കാല്‍ വലിച്ചുകൊണ്ടു അയാള്‍ പ്രയാസപ്പെട്ടു നീങുമ്പോളാണു ആ സ്ത്രീയും കാര്യത്തിന്റെ ഗൗരവം തിരിച്ചറിയുന്നതു.  അയാളില്‍ നിന്നും കുഞു പോളിനെ വാരി എടുക്കുവാന്‍ അവര്‍ മുന്നോട്ടാഞു.  പതുക്കെ, പതുക്കെ, റോജര്‍ പറഞു. അവനെ പതുക്കെ  കിടത്തിയാല്‍ മതി. അവന്നു വേദനിക്കും.
ഉള്ളുലക്കുന്ന ഒരു നിലവിളിയോടെ ആ സ്ത്രീ ആ പൂഴിമണ്ണിലേക്കിരുന്നു. എന്റെ മോനെ, എന്റെ പൊന്നു മോനെ, എന്നു മാത്രം ഉരുവിട്ടുകൊണ്ടു, വിളറി വെളുത്ത പോളിന്റെ മുഖം തലോടി തലോടി അവര്‍ പൊട്ടികരഞു. എന്റെ ദൈവമെ...ഒരു നേരം അവനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതിന്നു, ഒരു ചുംമ്പനം നല്കുന്നതിന്നു പോലും എനിക്കായിലല്ലോ അവര്‍ വിതുമ്പി.  കയ്യിലുള്ള തൂവാല ഉയര്‍ത്തി അവര്‍ മുഖം പൊത്തി കരയവേ, റോജരിന്നു ഒരു 15 വര്‍ഷം മുന്‍പു, കുഞു പോളിനെ പൊതിഞ തുണിക്കിടയില്‍ നിന്നും ഇത്തരമൊരെ വിചിത്ര തുന്നല്‍ ചെയ്ത തൂവാല ലഭിച്ചതും, അതില്‍ നിന്നും, ഇപ്പോള്‍ ഉയരുന്ന അതേ സുഗന്ധം ഉയര്‍ന്നതും ഓര്‍മ്മ വന്നു. അതു ഒരിക്കല്‍ പോളിന്നു കാണിച്ചു കൊടുത്തതും, അയാള്‍ ഇപ്പൊള്‍ ഓര്‍മ്മിച്ചു. ഇതെന്റെ അമ്മയുടേതാണല്ലെ അഛാ എന്ന അവന്റെ ചോദ്യവുംമനസ്സിലേക്കു ഓടി എത്തി. . അവന്‍ ആ തൂവാല,  തന്റെ പഴയ വേദപുസ്ഥകത്തിന്റെ മുഷിഞ ചട്ടക്കിടയില്‍  സൂക്ഷിച്ചതും റോജര്‍ ഒരു സിനിമയിലെന്നപോലെ കണ്ടു. അന്നേരം പോളിന്റെ മുഖത്തെ ആ ഭാവവും റോജരിന്നു ഇന്നും കല്ലില്‍ കൊത്തിവെച്ച പോലെ മനസ്സിലുണ്ടു.  അപ്പോള്‍ നിങ്ങളായിരുന്നു അവന്റെ അമ്മ അല്ലെ....വിവരിക്കാനാകാത്ത വികാരവിക്ഷുബ്ദതയോടെ അയാള്‍ ചോദിച്ചു. എന്തിന്നായിരുന്നു നിങ്ങളതു ചെയ്തതു...എന്തിന്നവനെ ഉപേക്ഷിച്ചു...അടഞ കണ്‍ പോളകള്‍ക്കിടയിലൂടെ ധാര ധാര ആയി ഒഴുകുന്ന കണ്ണീരും, വിറ കൊള്ളുന്ന ചുണ്ടുകളും, ഉള്ളു പൊള്ളിക്കുന്ന വിധത്തിലുള്ള നിശ്വാസങ്ങളും ഒക്കെ അയാളുടെ മുന്‍പില്‍ മറ്റൊരു സത്യത്തിന്റെ മുഖം മൂടി തുറന്നു കാണിച്ചു.  മാസങ്ങളോളം, കച്ചവടകാര്യങളുമായി പുറം നാടില്‍ അലയുന്ന ഭര്‍ത്താവു,  തനിച്ചായി പോയ ഒരു ദുര്‍ബല മുഹൂര്‍ത്തത്തില്‍   ഏതോ വികാരങ്ങള്‍ക്കടിമപെട്ടുപോയ ഒരു അഭിശപ്ത മുഹൂര്‍ത്തതിനെ കുറിച്ചും അതിന്റെ പ്രത്യാഘാതത്തെ കുറിച്ചും അയാള്‍ക്കു മനസ്സിലായി.  പെട്ടെന്നു റോജര്‍ക്കു എന്തൊ അവരോടു ഒരു സഹതാപമാണു തോന്നിയതു.  ഭര്‍ത്താവില്ലാത്ത ആ അഭിശപ്തമായ മുഹൂര്‍ത്തത്തില്‍ ആരായിരിക്കും ഈ സ്ത്രീക്കു കുഞു പോളിനെ  കൊടുത്തതു! ഒരിക്കലും തുറന്നു പറയുവാന്‍ കഴിയാത്ത ഒരു സത്യത്തിനെ വേദന അനുഭവിച്ചും കൊണ്ടു ആകും അവര്‍ ദൂരെ നിന്നെങ്കിലും തനിക്കു കാണാം എന്ന പ്രത്യാശയോടെ പോളിനെ, റോജരുടെ വീട്ടുവാതില്‍ക്കല്‍ കിടത്തിയതു!! അയാള്‍ ഓര്‍ത്തു.  അങു അകലെ ആ ബംഗ്ലാവില്‍ നിന്നും പെണ്‍കുട്ടിയുടെ അമ്മേ എന്ന വിളി കാറ്റില്‍ എത്തി.  ഒരു ഞെട്ടലോടെ അതു രണ്ടുപേരേയും  തങ്ങളുടെ തങ്ങളുടെ വിചാരലോകത്തില്‍ നിന്നും ഉണര്‍ത്തി.   പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഈ സ്ത്രീ എങിനെ തന്റെ മകളുടെ പ്രണയ ബന്ധത്തെ നേരിടും??? സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പുറത്താകുമ്പോള്‍ വെളിപ്പെടുത്തുവാനും, ഒളിച്ചുവെക്കുവനും കഴിയാതെ  വിമ്മിട്ടപെട്ടുപോകുമായിരുന്ന ആ മനസ്സിനെ ഇപ്പോള്‍ അയാള്‍ അറിഞു.

സഹതാപാദ്രമായ ഒരു സ്വരത്തില്‍ അയാള്‍ പറഞു. നോക്കു, നിങ്ങള്‍ വേഗം വീട്ടിലേക്കു പോകു. ആ പെണ്‍കുട്ടി ഇതൊന്നും അറിയണ്ട. പിന്നീടു എപ്പോളെങ്കിലും, ഒരു കൈയബദ്ധത്തില്‍ പോളിനെ നഷടമായി എന്നു അവള്‍ മനസ്സിലാക്കിയാല്‍ മതി. ...ഒരു ശവം എഴുന്നേറ്റു അടക്കുന്നപോലെ, രക്തം വാര്‍ന്നു പോയ മുഖവുമായി അവര്‍ കുനിഞു, പോളിന്റെ നെറ്റിയില്‍ ഒരു മുത്തം നല്കി...ഇഴയുന്നതുപോലെ, വേച്ചു വേച്ചു അവര്‍ വീട്ടിലേക്കു നീങവെ, പ്ലാസ്ററ്ററിട്ട കാലിന്നു അധികം ഊന്നല്‍ കൊടുക്കാതെ, പോളിന്റെ ശരീരം ചൂമലുകളിലേക്കു ചേര്‍ത്തു താങി റോജര്‍ വീട്ടിലേക്കുള്ള പടവുകള്‍ മെല്ലെ മെല്ലെ കയറുവന്‍ ആരംഭിച്ചു.....

അഭിപ്രായങ്ങളൊന്നുമില്ല: