ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങള്‍
ഒരു രണ്ടു വര്‍ഷത്തിന്റെ ഇടവേളയ്കു ശേഷമാണു
ഞാന്‍ ഈ പ്രാവശ്യം നാട്ടില്‍ എത്തിയത്. 30-35 കൊല്ലമായി ഒരു പ്രവാസിയാണു എന്നിരിക്കിലും നാടിന്റെ ഓര്‍മ്മകള്‍, വിശേഷങ്ങള്‍, എല്ലാം എപ്പോളും
മനസ്സില്‍ നിന്നും മായുകയില്ലല്ലോ. ചില മാറ്റിവെക്കാനാകാത്ത
കാരണങ്ങളാല്‍ ഈ തവണ സന്ദശനം നീണ്ടു പോയി എന്നു മാത്രം. ആദ്യത്തെ ഒരാഴ്ച്ച സ്വന്തക്കാരുടേയും,
മറ്റു ബന്ധുവീടുകളിലും , പിന്നെ ബാക്കിയുള്ള
20 ദിവസത്തിന്നുള്ളില്‍ സുഹ്രുത്തുക്കള്‍, തൊഴാന്‍ പോകാനുള്ള ക്ഷേത്രങ്ങള്‍ , എല്ലാമുണ്ടു.
ഈ പ്രാവശ്യം, അതിന്നെല്ലാം പുറമെ മകന്റെ ഒരു സുഹ്രുത്തും കൂടെ ഉണ്ട്. കക്ഷിക്കു എന്തായാലും,
കഥകളിയും, കളരിപയറ്റും, കാണിച്ചു കൊടുത്തേ പറ്റു. ഇതിന്നെല്ലാം പുറമെ കുട്ടനാടന്‍ കായലുകളിലൂടെ
ഒരു യാത്രയും. അതു മുടക്കരുതേ എന്നു മകന്‍ പ്രത്യേകം അടിവര ഇട്ടു ഓര്‍മ്മിപ്പിക്കാറുണ്ടു
താനും. എല്ലാറ്റിന്നും കൂടി സമയം കണ്ടെത്തണം...ഇതിന്നിടയില്‍
വേണം, ഒന്നു കോട്ടക്കല്‍ പോയി, കാല്‍മുട്ടിന്നും, പിരടിയ്കുമുള്ള ചികില്സയും. ദിവസങ്ങള്‍ എല്ലാം തന്നെ ചുഴറ്റിഎറിഞ പമ്പരം കണക്കു ദ്രുതഗതിയില്‍ കടന്നു പോകുന്നു.
ഗുരുവായൂരില്‍ ഇന്നു രണ്ടാമത്തെ ദിനമാണ്.
ഇന്നുച്ചക്കു ഭഗവാന്റെ പ്രസാദഊട്ടിന്നു ക്യുവില്‍ നില്ക്കുമ്പോളാണ്, കുറച്ചു മുന്നിലായി
ഒരു പരിചിതമായ മുഖത്തിന്റെ പാര്‍ശ്വവീക്ഷണം ലഭിച്ചത്. പെട്ടെന്നു ആളെ ഓര്‍മ്മ വന്നു.
പണ്ട് തന്റെ അയല്‍പക്കമായിരുന്ന ഒരു കുടുമ്പം. പിന്നെപ്പോളോ കുടുമ്പനാഥന്റെ സ്ഥലമാറ്റത്തോടൊപ്പം
പറിച്ചു നീക്കപ്പെട്ട ഒരു ഗാഡമായ സുഹ്രുത്ബന്ധം. കമലം. പക്ഷെ ഇത്രയ്ക്കു പ്രായം തോന്നാന്‍
വഴിയില്ലല്ലോ; ഞ്ഞങ്ങള്‍ രണ്ടുപേരും ഒരേ നക്ഷത്രക്കാരും, ഒരേ പിറന്നാള്‍ ദിന ഉടമകളുമായിരുന്നു.
ഒരേ വയസ്സുകാരും. ആ സ്ത്രീയ്കു കണ്ടാല്‍ ഒരു 60-65വയസ്സെങ്കിലും തോന്നും. തലമുടി മുഴുവന്‍
തന്നെ നരച്ചു തുടങ്ങിയതു അലക്ഷ്യമായി കെട്ടി വെച്ചിരിയ്കുന്നു. അലക്ഷ്യമായ വസ്ത്രധാരണവും.
തനിക്കു ആളെ മാറിപോയോ...ഒരു നിമിഷം ശങ്കിച്ചു..പക്ഷെ, എന്തോ ഒന്നെന്നെ അങ്ങോട്ടു തന്നെ
പിടിച്ചുവലിയ്കുന്നു. കൂടെ നില്ക്കുന്ന മകളോടു
പറഞതിന്നു ശേഷം, ക്യു വിട്ടു മുന്നിലേക്കു നടന്നു. അടുത്തെത്തിയതും, ഒരു ഉള്‍ വിളികിട്ടിയപോലെ ആ സ്ത്രീ
തന്റെ നേരെ തിരിഞു. ഒരു നിമിഷത്തേക്കു അത്ഭുതവും, പിന്നെ ഒരു ശങ്കയും, അവസാനം, കണ്ണീരും,
ആ മുഖത്തെ പഴയ കമലയിലേക്കു തന്നെ കൊണ്ടുപോയി. സരോ അല്ലേ? ഒരല്പം ശങ്കയോടെ ഉള്ള ചോദ്യം
കേട്ടപ്പോള്‍, എല്ലാം മറന്നു. 40 കൊല്ലം പുറകോട്ടു മനസ്സു ഓടി. എന്നും അവളായിരുന്നു
മുന്നില്‍...താനെപ്പോളും, ശങ്കിച്ചു പുറകേയും.
അമ്മ എപ്പോളും പറയുമായിരുന്നു." നീ കമലയെ കണ്ടു പഠിക്ക്...എല്ലാകാര്യത്തിന്നും
എത്ര ചുറുചുറുക്കായിട്ടാണു അവള്‍ പുറപ്പെടുന്നത്" എന്നു. ആദ്യത്തെ അമ്പരപ്പും, കണ്ണീരും മാറിയപ്പോള്‍, വര്‍ത്തമാനങ്ങള്‍
പറയാന്‍ തിടുക്കമായി..അവളോടു ചോദിച്ചു" ഒറ്റക്കേ ഉള്ളൂ?" അതെ...ഞാന്‍ ഇടക്കിടക്കു വന്നു തൊഴാറുണ്ട്"
അവള്‍ ഉത്തരം പറഞു. ഇതിന്നിടയില്‍ ക്യൂ മുന്നോട്ടു നീങുവാന്‍ തുടങി. ആള്‍ക്കാര്‍ക്കു
എന്തൊരു ബഹളം ആ ണു.വെറുതെ തിരക്കു കൂട്ടുകതന്നെ. പുറകിലെ തള്ളലില്‍ പെട്ടു നീങ്ങി നീങി
അററത്തെത്തി. അവിടെ ആകെ രണ്ടു ഇലയ്ക്കു മുന്നിലായി
മാത്രമെ സ്ഥലം ഒഴിവുള്ളു. മകളോടു അവിടെ പേരകിടാവിനേയും കൂട്ടി ഇരിക്കാന്‍ പറഞ്ഞു, തിരിയെ
നടക്കുമ്പോള്‍ ആണ്. "സരോ" എന്ന വിളി. പുറത്തേയ്കുള്ള വാതിലിന്നടുത്തെ മേശമേല്‍
തൊട്ടടുത്ത ഇരിപ്പിടത്തില്‍, കയ്യിലുണ്ടായിരുന്ന ബാഗും വെച്ചു സീറ്റ് ഉറപ്പിച്ചു, കമലം
വിളിക്കുകയാണു. ഇവളുടെ സാമര്‍ഥ്യത്തിന്നു ഇന്നും ഒരു കുറവുമില്ല..മനസ്സില്‍ ഓര്‍ത്തു...അടുത്തെത്തുമ്പോള്‍
ഏതോ ഒരാളുമായി ബഹളം വെക്കുന്നു അവള്‍. എന്റെ
അനിയത്തി കുട്ടിയെ ഇരുത്തുവാന്‍ വേണ്ടി, ബാഗ് ഇവിടെ വെച്ചു പോയതാണു...ഇതാ അവളെത്തി.
അമ്മ പറയുമായിരുന്നു, ഞങള്‍ തമ്മില്‍ മണിക്കൂറിന്റെ വ്യത്യാസമേ ഉള്ളു എന്നു. അന്നും,
ഇവളിങനെയാണു...ഒരേട്ടത്തിയുടെ അധികാരം കാണിക്കാറുള്ളെന്നതായിരുന്നു, തന്റെ സ്ഥിരം ആവലാതി.
