എവിടെ പട്ടാള കാമ്പ്?? ഈ വന്യമായ, മരവിച്ച അന്തരീക്ഷത്തില്‍,
ജനവാസമോ, വാഹനങ്ങളോ കാണാന്‍ ഇല്ലാത്ത സ്ഥലത്തു, എവിടെ എന്നു വിചാരിച്ചു മുന്നോട്ടു
പോകും! ഞങ്ങളുടെ വണ്ടിയും, ഗൈഡും, എല്ലാം ആദ്യമായാണു, ഈ ഭാഗത്തൂടെ ലേയിലേക്കു പോകുന്നതു. പൊതുവെ വളരെ പ്രയാസകരമായ
യാത്രയായാണു, 4പാസ്സുകള്‍ മറികടന്നുള്ള ഈ വഴി....വാഹനത്തിലെ യാത്രാ സംഘാടകരുടെ മുഖത്തും
അങ്കലാപ്പു കാണുന്നുണ്ടു...ഹിമാചല്‍ പ്രദേശ് കഴിഞാല്‍ പിന്നെ bsnl prepaid ഫോണുകള്‍ മടങി ഹിമാചലിലേക്കെത്തുംവരെ പ്രവര്‍ത്തിക്കില്ലാ.
മര്‍മ്മപ്രധാനമായ വഴി, ലക്ഷ്യം. അതിര്‍ത്തി യിലുള്ള പട്ടണം,...പോരെങ്കില്‍ ഏതു സമയത്തും,
ആക്രമിക്കാന്‍ പഴുതു നോക്കി നില്‍ക്കുന്ന അയല്‍ രാജ്യങ്ങളും, സ്വന്തം നാടിന്നെതിരായി അവര്‍ക്കു സഹായസഹകരണങ്ങള്‍
ചെയ്തു കൊടുക്കുവാന്‍ മടിയില്ലാത്ത മതതീവ്രവാദികളും,
ഭീകരന്മാരും... ഇങിനെയൊക്കെ ഇരിക്കവെ, എല്ലാ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ക്കും അല്പം
നിയന്ത്രണം ഉണ്ടെങ്കില്‍ അതു തെറ്റു പറയാനില്ലാ. അവസാനം, ഏങി വലിച്ചു കയറിയ കയറ്റത്തിന്റെ
അവസാനം, അങു താഴെ, military transit campiന്റെ
ബോര്‍ഡ് കണ്ടു. കൂട്ടത്തില്‍ ഉള്ള 2 യാത്രക്കാരുടെ
അവസ്ഥ അല്പം വിഷമമാണു. അവര്‍ക്കു വേണ്ടുന്ന ചികില്സ ലഭ്യമാക്കുന്നതിന്നാണു ആദ്യത്തെ മുന്‍ഗണന.....
വളരെ ഇടുങിയ താല്‍കാലികമായി ഉണ്ടാക്കിയ ഇരുബ്പാലത്തിലൂടെ കയറി
വാഹനം, കാമ്പിന്റെ പടിയില്‍ എത്തി. അവിടെ താല്‍കാലിക
മായി നിയന്ത്രണം ഉള്ളതു, നാഗര്‍കോവില്‍കാരനായ, ഒരു മേജര്‍ പെരുമാളിന്നാണു...മലയാളി...എത്തിയ
ഉടനെ തന്നെ, എല്ലാവരേയും, വിരിച്ചിട്ട കട്ടിലുകളിലെ, ഉറക്കസഞ്ചിയിലേക്കു കയറുന്നതിന്നായിരുന്നു
ആദ്യ നിര്‍ദ്ദേശം...സുഖമില്ലാതെ ഉള്ള ആളുകളെ ശ്രദ്ധിക്കുവാന്‍ പട്ടാള കാമ്പിലെ ഡോക്ടര്‍
എത്തി...അതിന്നിടെ അവിടെ ഉള്ള മറ്റു ജീവനക്കാര്‍ നല്ല ചൂടു ചായയും, ഭക്ഷണവും കൊണ്ടുതന്നു.
എങിനെ എങ്കിലും, ഒന്നു ഉറക്ക സഞ്ചിയിലെ ചൂടേറ്റു കിടന്നാല്‍ മതി എന്നു വാശി പിടിച്ചവരെ
എല്ലാം, നിര്‍ബന്ധിച്ചു പുറത്തിറക്കി...ചൂടു ഭക്ഷണം കഴിപ്പിച്ചു...എല്ലാവരേയും, പരിശോധിച്ചു,
മരുന്നു വേണ്ടവര്‍ക്കു അതു നല്കിയതിന്നു ശേഷം മാത്രമാണു, പെരുമാള്‍ സാര്‍ പോയതു.. പോകും വഴി അദ്ദേഹം ഒന്നുകൂടി പറഞു...ഇവിടെ സാര്‍ച്ചുവില്‍,
പിന്നെ, പാസ്സുകളില്‍ എല്ലാം അന്തരീക്ഷത്തിലെ പ്രാണവായു സാധാരണയിലേതിനേക്കാള്‍ 40
% കുറവായിരിക്കും. അതാണു ഇപ്പോള്‍ എല്ലാവര്‍ക്കും, ബുദ്ധിമുട്ടു ഉണ്ടാക്കിയതു. രാവിലെ
ആകുംപോളേക്കും, ശരീരം ഈ അവസ്ഥയുമായി പൊരുത്തപ്പെടും...പേടിക്കുവാന്‍ ഒന്നും ഇല്ലാ എന്നു......രാത്രി
മുഴുവന്‍ സുഖമില്ലാത്താ ആളുകളുടെ ഒച്ചയും കേട്ടു കിടന്നു. രാവിലെ ആയപ്പോളേക്കും, എല്ലാവര്‍ക്കും
അല്പം സമാധാനം ഉണ്ടു....പുറത്തു വലിയ തീക്കുണ്ഡം കൂട്ടി, എല്ലാവര്‍ക്കും ആവശ്യത്തിന്നു
വേണ്ട ചൂടു വെള്ളം നല്‍കി പോന്നു. നേരത്തെ തന്നെ പുറപ്പെട്ടാല്‍ മാത്രമെ, ലേയിലേക്കു
ഇരുളുന്നതിന്നു മുന്‍പു എത്തുകയുള്ളു എന്നതിനാല്‍ എല്ലാവരൂം വേഗം പുറപ്പെട്ടു...കാമ്പില്‍
നിന്നും, ചൂടുള്ള് ചപ്പാത്തിയും, ചായയും തന്നു,, മേജറോടും, ബാക്കി അവിടുണ്ടായിരുന്ന
ജീവനക്കാരോടും, യാത്ര പറഞു ഞങ്ങള്‍ വീണ്ടും, യാത്ര തിരിച്ചു....
രാവിലേ സമയത്തുള്ള യാത്രകള്‍ തികച്ചും ഉന്മേഷപ്രദമാണു..ഇപ്പോള്‍
വാഹനത്തിലെ മുക്കാല്‍ പങ്കും ആളുകള്‍ സന്തുഷ്ടരാണു...വാഹനത്തിന്റെ ജനലിലൂടെ വെളിയിലേക്കു
നോക്കുമ്പോള്‍, പ്രകൃതി ഒരു മഞിന്റെ ഗോളത്തിലാണു എന്നു തോന്നും...ഒരു ശബ്ദവും കേള്ക്കാനില്ലാ..ഒരു
തരം പക്ഷികളെ പോലും കാണുന്നുമില്ലാ. എങും, വന്യമായ , എന്തിന്റേയോ വരവു കാത്തു നില്ക്കുന്നതുപോലെ
ഉള്ള ഒരു നിശ്ശബ്ദത. ഇടക്കു മിന്നായം പോലെ കാണുന്ന ജലപാതങ്ങള്‍, ഹിമാനികള്‍, മലമടക്കുകളില്‍
അങു താഴെ, തട്ടു തട്ടായി തിരിച്ചിട്ട കൃഷി സ്ഥലം കണ്ടോ? ഒരു സംശയം... അതോ ഒരു തോന്നലാണോ! .മലകളെ കാറ്റും,
പ്രകൃതിയും, പല പല രൂപത്തിലും ആക്കി മാറ്റിയിരിക്കുന്നു. അധികം വാഹനങ്ങളെ വഴിയില്‍
കാണുന്നില്ലാ. ഇടക്കും, തലക്കും, മറികടന്നു പോകുന്ന പട്ടാളവണ്ടികള്‍, കറു കറുന്നനെ
ഉള്ള പുക തുപ്പിക്കൊണ്ടു ലോറികള്‍...ശരം വിട്ട പോലെ, ആര്‍ത്തുവിളിച്ചു വാഹനത്തിനെ ശരവേഗത്തില്‍
മറി കടക്കുന്ന motor bike സവാരിക്കാര്‍... അതു ഒരു 100 ആളെ എങ്കിലും കണ്ടു കാണും.. ചെറുപ്പക്കാരുടെ
ഒരു ഹരമാണത്രെ, ലേയിലേക്കു ബൈക്കില്‍ പോവുക എന്നതു. ചെറുപ്പത്തിന്റെ ചോരതിളപ്പു!!!അങോട്ടു
പോകുമ്പോള്‍ tourist വണ്ടികള്‍ കണ്ടതേ ഇല്ലാ. പക്ഷെ മടങി വരുമ്പോള്‍ ധാരാളം, tourist വണ്ടികള്‍ പോകുന്നതു കണ്ടു...
· സര്‍ച്ചുവില്‍ ഹിമാചല്‍ പ്രദേശ് അവസാനിക്കുന്നു.
എനി അങോട്ടു, ജമ്മു കാശ്മീര്‍ സ്തേറ്റിലെ ലഡാക് തുടങുന്നു. ഇപ്പോള്‍ പാംഗ് എന്ന സ്ഥലമായി.
ഇവിടേയും ഒരു പാസ് കടക്കാനുണ്ടു. 16620 അടിയുള്ള ലാഛ്ഛൂംഗ്ല പാസ്...ഓരോ മലമടക്കുകളിലെ
ദൃശ്യവും വിഭിന്നമാണു. ചിലസ്ഥലത്തെത്തുമ്ഫോള്‍, അങു താഴെ, ഏതോ ചിത്രകാരന്‍ വരച്ചിട്ട
മിഴിവുറ്റ ഒരു വര്‍ണ്ണചിത്രം കണക്കെ പ്രകൃതി അനാവൃതമായി കാണാം... ചില സ്ഥലം, അരുവികളും,
ഉരുണ്ടു വീഴാന്‍ എന്ന പോലെ നില്‍ക്കുന്ന പാറകെട്ടുകളും, സൂചിമുന പോലെ, അന്തരീക്ഷത്തിലേക്കു തല ഉയര്‍ത്തി
നില്‍ക്കുന്ന പര്‍വതാഗ്രങ്ങളും...എല്ലാം കൂടി ഒരു മായിക പ്രപഞ്ചം തന്നെ ഇവിടെ പ്രകൃതി
നമുക്കായി ഒരുക്കിയിരിക്കുന്നു. മലയുടെ താഴ്വാരത്തില്‍,
കുറച്ചു വീടുകള്6...ഒരു 10 വീടു കാണും അത്രയെ ഉള്ളു...നദി ക്കരയില്‍ വെഉപ്പും, നീലയും,
ടെന്റ്റുകള്‍.....മുകളില്‍ നിന്നൂം നോക്കുമ്പോള്‍ തീപ്പെട്ടി കൊള്ളി പോലെ ഇളകുന്ന മനുഷ്യ
ദൃശ്യങ്ങള്‍.... പല പല നിറത്തില്‍ വിരിഞു നില്‍ക്കുന്ന പൂക്കളുടെ ഒരു മായ പ്രപഞ്ചം
തന്നെ ഇവിടെ കണ്ണിന്നുല്‍സവമായി കാണാം...പരവതാനി വിരിച്ചപോലെ, നിലത്തോടൊട്ടി പുഷ്പിച്ചു
കിടക്കുന്ന, മഞ, വയലറ്റ്, വെള്ള, പൂക്കള്‍....കടും റോസും, ഊതനിറവും, കടല്‍പച്ചയും,
നീലയും കലര്‍ന്ന നിറത്തില്‍ പൂക്കള്‍ അല്പം കൂടി വലിയ ചെടിയില്‍, കാറ്റില്‍ തലയാട്ടി,
സ്വാഗതം ചെയ്യുന്നു.. പ്രകൃതി ഭംഗിയുടെ ധാരാളിത്തം
കാണുമ്പോള്‍, തലക്കു മത്തു പിടിച്ച പോലെ...മനസ്സു സന്തോഷം കൊണ്ടു നിറഞു, ഒരു കാരണവും
ഇല്ലാതെ തന്നെ ചിരിക്കുവാന്‍ വെമ്പുന്ന മുഖങ്ങള്‍......ഈ ഒരു ഭാവത്തിന്നു ചേരുന്ന വാക്കുകളുടെ
അപര്യാപ്തത അത്രക്കുണ്ടു...ഇടക്കും, തലക്കും ആയി, വാഹനത്തിന്റെ മുന്‍പില്‍ വലിയ ആട്ടിന്പറ്റങ്ങള്‍
വന്നു പെടുന്നു. വാഹനങ്ങള്‍ എത്ര തന്നെ horn അടിച്ചാലും,
തങ്ങളുടെ സ്വതസിദ്ധമായ താളത്തില്‍ നിന്നും അവര്‍ മാറില്ലാ. ചുമലിലൂടെ കഴുത്തിന്നു പുറകെ
വടി വിലങ്ങനെ വെച്ചു, ആട്ടിടയന്മാര്‍ പ്രത്യേക രീതിയില്‍ ചൂളം വിളിക്കുന്നുണ്ടു.. വലിയ
കറുത്ത തിബറ്റന്‍ നായകള്‍, വശങ്ങളില്‍ ആടുകളെ, കയറി പോകാനനുവദിക്കാതെ നോക്കുന്നു.
· എനി
കടക്കാനുള്ളതു, ടന്ഗ്ല ലാ പാസ് ആണു. 17500 അടി ഉയരം. ഇപ്പോള്‍ വാഹനത്തില്‍ അന്തരീക്ഷം വളരെ അയവു വന്നിട്ടുണ്ടു....സഹസ്രനാമവും,
ഭജനകളും, ഈ മലനിരകള്‍ ആദ്യമായാവും കേട്ടുകാണുക...
സര്‍ച്ചുവിലെ പട്ടാളകാമ്പിലെ ഒരു രാത്രി, അതൊരു വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ
പട്ടാളക്കാരോടൊത്തു, അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ അനുഭവിച്ചു, അവരോടു അനുഭാവം പ്രകടിപ്പിച്ചു
ഒരു രാത്രി. ഏതേതു ദുരിതപൂര്‍ണ്ണമായ കാലാവസ്ഥയിലും, സ്ഥലങ്ങളിലും, നമ്മുടെ രാജ്യം കാക്കുന്നതിന്നു
വേണ്ടി എത്രയോ ത്യാഗങ്ങള്‍ അനുഷ്ടിച്ചാണു അവര്‍
ഈ പര്‍വതനിരകളിലും, തണുപ്പത്തും, കൊടും ചൂടിലും ഒക്കെ കഴിയുന്നതു. അവരുടെ കൂടെ ഒരു
രാത്രി കഴിയുക എന്നതു തന്നെ അവര്‍ക്കായുള്ള ഒരു പ്രാര്‍ഥനപോലെ ആയിരുന്നു. അവര്‍ ഓരോരുത്തരും,
നമ്മുടെ കുട്ടികളാണു, സഹോദരന്മാര്‍ ആണു...അവര്‍ക്കൊത്തു ഒരല്പസമയം...അതു തന്നെ അവര്‍ക്കായി
സമര്‍പ്പിക്കാനുള്ള ആശംസകള്‍!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ